കൊച്ചി: മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടി ഹാരിസണിന്റെ പക്കലുള്ള നെടുമ്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എൽസ്റ്റൺ എസ്റ്റേറ്റ് ആണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നതെന്നും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉത്തരവ് നേരത്തേ പുറത്തിറങ്ങിയിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
സർക്കാർ ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനാണ് ധാരണ. ഇവിടെ സ്ഥലം തികയാതെ വന്നാൽ നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കും. 215 കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കുക. പുനരധിവാസ പദ്ധതിയുടെ ഭാഗമാകാതെ 15 ലക്ഷം രൂപയുടെ നഷ്‌ടപരിഹാരം കൈപ്പറ്റുന്നവരും ഉണ്ടാകാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. അങ്ങനെയാണെങ്കിൽ വീടുകൾ വേണ്ടിവരുന്നവരുടെ അന്തിമ കണക്കെടുത്ത ശേഷമാകും നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കണോയെന്ന് തീരുമാനിക്കുക. ശേഷിക്കുന്നത് എത്രപേരാണെന്ന് വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്നും സർക്കാർ കോടതിയെ അറിയിച്ചു.
വയനാട് ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പിനായാണ് ഹാരസൺസ് പ്ലാന്റേഷൻസ് ഭൂമി ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കൽ നടപടിക്കെതിരെ ഹാരിസൺ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |