ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിന്‍ യാത്രാ ടിക്കറ്റ് നിരക്കുകള്‍ അടുത്ത് തന്നെ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത. എ.സി , സ്ലീപ്പര്‍ കോച്ചുകളിലെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്ഥിരം സമിതിയാണ് നിരക്ക് വര്‍ദ്ധനവിന് ശുപാര്‍ശ നല്‍കിയത്. എ.സി കോച്ചുകളില്‍ റെയില്‍വേ മുടക്കുന്ന പണത്തിന് അനുസരിച്ച് ആനുപാതികമായ വര്‍ദ്ധന വരുത്തണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, സബ് അര്‍ബന്‍ ട്രെയിനുകളിലെ നോണ്‍ എ.സി യാത്രയ്ക്ക് ഇളവുകള്‍ തുടര്‍ന്നും നല്‍കണമെന്നാണ് റിപ്പോര്‍ട്ടിലെ ആവശ്യം. അതോടൊപ്പം തന്നെ വിവിധ വികസന പ്രവര്‍ത്തനങ്ങളില്‍ റെയില്‍വേ ചെലവ് ചുരുക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും ശുപാര്‍ശയില്‍ പറയുന്നു. എ.സി കോച്ചിലെ ടിക്കറ്റുകള്‍ക്കും പ്രീമിയം ട്രെയിനുകള്‍ക്കും വിമാന ടിക്കറ്റിന് സമാനമായ ഡൈനാമിക് പ്രൈസിംഗ് രീതി സ്വീകരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ബജറ്റ് വിഹിതത്തെ ആശ്രയിക്കുന്നതു കുറച്ച് സ്വകാര്യ പങ്കാളിത്തത്തോടെ വികസന പദ്ധതികള്‍ നടപ്പാക്കണം. അമൃത് സ്റ്റേഷന്‍ വികസനത്തിലടക്കം ഇക്കാര്യം പരിഗണിക്കണം റിപ്പോര്‍ട്ടില്‍ പറഞ്ഞു. രാജ്യത്ത് പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ആധുനികവത്കരണം ഒപ്പം മെച്ചപ്പെട്ട സുരക്ഷാ സംവിധാനമൊരുക്കല്‍ എന്നിവയ്ക്കായി റെയില്‍വേ വലിയ തുക ചെലവാക്കുന്നുണ്ട്. എന്നാല്‍ യാത്രക്കാര്‍ക്ക് മേല്‍ അമിതഭാരമാകുന്ന ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് റെയില്‍വേ പെട്ടെന്ന് തയ്യാറാകുമോയെന്ന് വ്യക്തമല്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ എ.സി ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ചാലും സാധാരണക്കാര്‍ ഭൂരിഭാഗവും യാത്ര ചെയ്യുന്ന സ്ലീപ്പര്‍ കോച്ചുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് യാത്രക്കാരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉള്‍പ്പെടെ ഉയരാനുള്ള സാദ്ധ്യതയും റെയില്‍വേ മുന്നില്‍ക്കാണുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |