പോത്തൻകോട് : ബാറിലെ സംഘർഷത്തിനിടെ രണ്ടുപേർക്ക് വെട്ടേറ്റ സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.അയിരൂപ്പാറ സ്വദേശികളായ ശ്യാംരാജ്(28), ബിനു (28) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തത്. പോത്തൻകോട് ജംഗ്ഷനിലെ ബാറിൽ നടന്ന സംഘർഷത്തിൽ വാവറയമ്പലം ഗാന്ധിനഗർ കൈലാസം വീട്ടിൽ സജീവ് രാജ് (27),സുഹൃത്ത് ഷിജിൻ (26) എന്നിവർക്കാണ് വെട്ടേറ്റത്.കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.രാത്രി 8 മണിയോടെ ബാറിലെത്തിയ സജീവും സുഹൃത്തുക്കളായ ഷിജിൻ, മഹേഷ് എന്നിവരും മദ്യപിക്കുന്നതിനിടെ തൊട്ടടുത്ത ടേബിളിൽ മദ്യപിച്ച വിഷ്ണുവുമായി തർക്കമുണ്ടായതാണ് അക്രമത്തിൽ കലാശിച്ചത്. പരസ്പരം വാക്കുതർക്കത്തിലേർപ്പെട്ട ശേഷം മടങ്ങിപ്പാേയ വിഷ്ണു, രാത്രി പത്തുമണിയോടെ ശ്യാംരാജിനേയും ബിനുവിനേയും കൂട്ടി തിരികെയെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. ശ്യാംരാജും സുഹൃത്തായ ബിനുവും ചേർന്ന് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് സജീവിനെയും ഷിജിനെയും തലയിലും മുഖത്തും കൈയിലും വെട്ടി. ഗുരുതരമായി പരിക്കേറ്റ ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ആക്രമണത്തിനിടെ പ്രതികൾക്കും പരിക്കേറ്റിരുന്നു. സംഭവശേഷം ഒളിവിൽപ്പോയ പ്രതികളെ കഴിഞ്ഞ ദിവസം രാത്രിയാണ് പിടികൂടിയത്. കേസിലെ മൂന്നാം പ്രതിയായ വിഷ്ണു ഒളിവിലാണ്. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വെട്ടാൻ ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടെടുത്തു.വട്ടപ്പാറ ഇൻസ്പെക്ടർ ശ്രീജിത്ത്,പോത്തൻകോട് എസ്.ഐ.രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |