കൊച്ചി: ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് കേരളത്തിലും കർണാടകയിലും വിവാഹത്തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. പിടികിട്ടാപ്പുള്ളിയായ മലപ്പുറം ചേലേമ്പ്ര കാക്കഞ്ചേരി സ്കൈവ്യൂ ഹൗസിൽ കാർത്തിക് വേണുഗോപാലിനെയാണ് (വിപിൻ കാർത്തിക്, 31) കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളിയിലെ മാളിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ 21 കേസുണ്ട്.
ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് ഇയാൾ യുവതികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നൽകി സാമ്പത്തിക നേട്ടമുണ്ടാക്കി മുങ്ങും. ബംഗളൂരുവിലുള്ള മലയാളി യുവതിയാണ് ഒടുവിൽ തട്ടിപ്പിനിരയായത്. വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്ന് പണവും വാഹനങ്ങളും കാർത്തിക് കൈക്കലാക്കി. തുടർന്ന് തനിക്ക് ക്യാൻസറാണെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിൻമാറി. യുവതിയുടെയും കുടുംബത്തിന്റെയും പരാതിയിൽ ബംഗളൂരുവിലെ കൊടുകോടി പൊലീസാണ് കേസെടുത്തത്. ഇതിനിടെ പ്രതി കൊച്ചിയിലേക്ക് കടന്നു. തുടർന്നാണ് ബംഗളൂരു പൊലീസ് കേരളത്തിന്റെ സഹായം തേടിയത്.
വ്യാജരേഖ ചമച്ച് വായ്പ തരപ്പെടുത്തിയ കേസുകളിലും ഇയാൾ പ്രതിയാണ്. ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ അഞ്ചും, നാദാപുരത്ത് രണ്ടും തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ മൂന്നും കേസുകളുണ്ട്. പുതുനഗരം, ചിറ്റൂർ, വടകര, തലശേരി, എറണാകുളം സെൻട്രൽ, കിളികൊല്ലൂർ, തൃക്കാക്കര, പാലാരിവട്ടം സ്റ്റേഷനുകളിൽ ഒന്നു വീതവും കേസുണ്ട്. കർണാടകയിലെ ജീവൻഭീമാനഗർ, വിൽസൺ ഗാർഡൻ സ്റ്റേഷനുകളിലും കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |