തിരുവനന്തപുരം: പൊങ്കാല കഴിഞ്ഞ് അതിവേഗം നഗരത്തെ ശുദ്ധമാക്കി നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ.3204 തൊഴിലാളികൾ ഇന്നലെ രാത്രി 7.30ഓടെ തന്നെ പ്രധാന വീഥികളെല്ലാം വൃത്തിയാക്കി.രാത്രി വൈകിയും പുലർച്ചെയും ഒരു മടിയും കൂടാതെ ഇവർ ജോലി ചെയ്തു.
350 ടൺ മാലിന്യമാണ് നഗരസഭ ശേഖരിച്ചത്.ഇതിൽ പ്ളാസ്റ്രിക്ക് മാലിന്യം മാറ്റി ബാക്കിയുള്ള മാലിന്യം ഈഞ്ചയ്ക്കലിലെ കെ.എസ്.ആർ.ടിയുടെ സ്ഥലം,ജഗതി ഗ്രൗണ്ട്,ശാസ്തമംഗലം,ആറ്റുകാൽ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ കുഴിയെടുത്ത് മൂടുകയും ചിലത് കത്തിച്ചുകളയുകയും ചെയ്തു.ടോറസ്,വലിയ ടിപ്പർ ഉൾപ്പെടെ 154 വാഹനങ്ങളിലാണ് മാലിന്യം നീക്കിയത്.
പൊങ്കാലയ്ക്ക് 60 ഇടങ്ങളിൽ 250ഓളം സംഘടനകളുടെ നേതൃത്വത്തിലാണ് ഭക്ഷണ പാനീയ വിതരണം നടത്തിയത്.ഇതിൽ ഭൂരിഭാഗം സ്ഥലങ്ങളിലും ഹരിതച്ചട്ടമുറപ്പാക്കാൻ സാധിച്ചു.ഇത്തവണ ആറ്റുകാൽ പൊങ്കാല ഹരിത പൊങ്കാലയായി മാറിയെന്നും നഗരസഭ അധികൃതർ അറിയിച്ചു.
പ്ളാസ്റ്റിക്ക് മാലിന്യം
വേർതിരിക്കും, വരുമാനം
ശേഖരിച്ച മാലിന്യത്തിൽ നിന്ന് പ്ളാസ്റ്റിക്ക് മാലിന്യങ്ങൾ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ വേർതിരിച്ചെടുത്തു. ഇത് ക്ളീൻ കേരള കമ്പനിക്ക് നൽകും.ഇതുവഴി ഹരിതകർമ്മ സേനയ്ക്ക് വരുമാനമാകും.
2.5 ലക്ഷം ഇഷ്ടികകൾ
ഇന്നലെ രാത്രിയോടെ 2.5 ലക്ഷം ഇഷ്ടികകൾ ശേഖരിച്ചു. ഇഷ്ടികയുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതർ പറയുന്നത്.ഇത് പുത്തരിക്കണ്ടം മൈതാനത്തേക്ക് മാറ്റിയിട്ടുണ്ട്.കഴിഞ്ഞ വർഷത്തേപ്പോലെ ലൈഫ് ഭവനപദ്ധതിയിലുള്ളവർക്കാണ് ഇഷ്ടികകൾ സൗജന്യമായി നൽകുന്നത്.23 അതിദരിദ്രരുൾപ്പെടെ 35 ഗുണഭോക്താക്കളാണ് പട്ടികയിലുള്ളത്.ഇതിൽ 23 പേർക്ക് ഇഷ്ടികകൾ നഗരസഭയുടെ വാഹനത്തിൽ തന്നെ സൗജന്യമായി എത്തിച്ചുനൽകും.
പതിവുപോലെ കൃത്രിമ മഴ
പൊങ്കാല കഴിഞ്ഞയുടൻ 15-ാം വർഷവും തരംഗിണി കൃത്രിമ മഴ പെയ്യിച്ചു. പൊങ്കാല കഴിഞ്ഞുള്ള പൊടിപടലങ്ങളും മാലിന്യവും നീക്കം ചെയ്ത് അന്തരീക്ഷം തണുപ്പിച്ചു. പൊങ്കാല കഴിഞ്ഞ് കരിപിടിച്ച റോഡും പരിസരവും മിന്നൽ വേഗത്തിലാണ് വൃത്തിയാക്കുന്നത്.സിനിമ ഉൾപ്പെടെയുള്ള ഷൂട്ടിംഗ് പരിപാടിക്ക് കൃത്രിമ മഴയും കാറ്റും ഒരുക്കുന്ന കല്ലിയൂർ പെരിങ്ങമ്മല തെറ്റിവിളയിൽ പ്രവർത്തിക്കുന്ന തരംഗിണി ആർട്ടിഫിഷ്യൽ റെയിൻ യൂണിറ്റാണ് വർഷങ്ങളായി സൗജന്യ സേവനം നടത്തുന്നത്.
ലക്ഷക്കണക്കിനാളുകൾ പങ്കാളികളായ പൊങ്കാല അവസാനിച്ച് മണിക്കൂറുകൾക്കകം നഗരം പൂർവ സ്ഥിതിയിലാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ, മികവാർന്ന പ്രവർത്തനം നടത്തിയ നഗരസഭയെയും, പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാ ശുചീകരണ തൊഴിലാളികളെയും സംസ്ഥാന സർക്കാരിനു വേണ്ടി ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. നഗരസഭ ടാങ്കറുകളിലൂടെ 6.51 ലക്ഷം ലിറ്റർ കുടിവെള്ളം വിതരണം ചെയ്തു.പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ഇഷ്ടികകൾ അതിദരിദ്ര വിഭാഗത്തിലെ കുടുംബങ്ങൾക്ക് വീട് നിർമ്മാണത്തിന് നൽകാനുള്ള തീരുമാനവും അഭിനന്ദനാർഹമാണ്.
മന്ത്രി എം.ബി.രാജേഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |