വർക്കല: കുടുംബപ്രശ്നത്തെ തുടർന്ന് ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
കേസിലെ രണ്ടാം പ്രതി വട്ടിയൂർക്കാവ് സ്വദേശി മനുവും 16കാരനായ വിദ്യാർത്ഥിയുമാണ് വർക്കല പൊലീസിന്റെ പിടിയിലുള്ളത്. ഒന്നാം പ്രതിയും കൊല്ലപ്പെട്ട സുനിൽദത്തിന്റെ സഹോദരീഭർത്താവുമായ വട്ടിയൂർക്കാവ് സ്വദേശി ഷാനി (51) ഒളിവിലാണ്. കുടുംബപ്രശ്നത്തെ തുടർന്നാണ് ടയർ പഞ്ചറൊട്ടിപ്പ് തൊഴിലാളിയായ കരുനിലക്കോട് അഞ്ചുവരമ്പ് വിളവീട്ടിൽ സുനിൽദത്തിനെ ഷാനിയും മനുവും ചേർന്ന് വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ വെട്ടി കൊലപ്പെടുത്തിയത്. കഴുത്തിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സുനിൽദത്ത് രക്തം വാർന്ന് മരിച്ചു. ആക്രമണം തടയാൻ ശ്രമിച്ച സുനിൽദത്തിന്റെ സഹോദരിയും ഷാനിയുടെ ഭാര്യയുമായ ഉഷയുടെ (50) തലയ്‌ക്ക് വെട്ടേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ഇവരുടെ പരിക്ക് ഗുരുതരമല്ല.
മരിച്ച സുനിൽദത്തിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കൊലപാതകം നടന്ന വീട്ടിലും പരിസരത്തും ഫോറൻസിക്കും ഡോഗ് സ്ക്വാഡും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കൊലപാതകശേഷം ഒളിവിൽപ്പോയ മനുവിനെ വ്യാഴാഴ്ച രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. 16കാരൻ സ്റ്റേഷനിൽ കീഴടങ്ങി. പിടിയിലായ മനു 2017ൽ മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൊലപാതകക്കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കൊങ്കി ആകൃതിയിലുള്ള വെട്ടുകത്തിയാണ് കൊലപാതകത്തിന് ഉപയോഗിച്ചതെന്നും ഇത് മനുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയതായും വിവരമുണ്ട്. മനുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഒളിവിലുള്ള ഷാനിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |