തിരുവനന്തപുരം: സർവകലാശാലാ നിയമഭേദഗതി യൂണിവേഴ്സിറ്റികളുടെ സ്വയംഭരണം ഇല്ലാതാകുമെന്ന് നിയമസഭയുടെ സബ്‌ജക്ട് കമ്മിറ്റിയിൽ വിമർശനം. സർവകലാശാലകൾ പൂർണമായും സർക്കാരിന്റെ അധീനതയിലാകും. ഇത് സർവകലാശാലകളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ തകർക്കുമെന്ന് ആബിദ് ഹുസൈൻതങ്ങൾ, ടി.വി.ഇബ്രാഹിം, രാഹുൽമാങ്കൂട്ടത്തിൽ എന്നിവർ ചൂണ്ടിക്കാട്ടി. 25ന് നിയമസഭ ഭേദഗതിബിൽ വീണ്ടും പരിഗണിക്കും.
സിൻഡിക്കേറ്റ് നിയമിക്കുന്ന പി.വി.സിക്ക് അമിതാധികാരങ്ങളാണ് ബില്ലിലുള്ളത്. 2018ലെ യു.ജി.സി റഗുലേഷനിൽ പി.വി.സിയുടെ യോഗ്യത നിശ്ചയിച്ചിരുന്നില്ല. കരടുചട്ടത്തിൽ പി.വി.സി തസ്തികയേയില്ല. അക്കാഡമിക്കൗൺസിൽ ചേരാത്തപ്പോൾ എക്സിക്യുട്ടീവ്സമിതി ചേർന്ന് അക്കാഡമിക് കാര്യങ്ങൾ തീരുമാനിക്കാം. വി.സിയെ ഒഴിവാക്കി പി.വി.സിയെ ഇതിന്റെ അദ്ധ്യക്ഷനാക്കി. സിലബസ് തയ്യാറാക്കൽ, പരീക്ഷാനടത്തിപ്പ് എന്നിവയുടെ ചുമതല സിൻഡിക്കേറ്റിനാക്കി.
നിയമനങ്ങളിലടക്കം വി.സിയുടെ തീരുമാനങ്ങൾ തൃപ്തികരമല്ലെങ്കിൽ സർവകലാശാലാ ട്രൈബ്യൂണലിന് പരാതിപ്പെടാം. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും.
സെനറ്റ്, സിൻഡിക്കേറ്റ്, അക്കാഡമിക് കൗൺസിൽ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനമിറക്കാനുള്ള വി.സിയുടെ അധികാരം രജിസ്ട്രാർക്ക് നൽകുന്നത് രാഷ്ട്രീയ ഇടപെടൽ വർദ്ധിപ്പിക്കും. അദ്ധ്യാപകനിയമനം, പഠനബോർഡുകൾ, സിലബസുണ്ടാക്കൽ, പരീക്ഷാനടത്തിപ്പ്, പ്രവേശനം എന്നിവയിലെ രാഷ്ട്രീയ ഇടപെടൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഇല്ലാതാക്കുമെന്നും വിമർശനമുയർന്നു.
ബില്ലിൽ വിദ്യാർത്ഥികളുടെ അവകാശങ്ങൾ നിർണയിച്ചിട്ടുണ്ട്. ക്യാമ്പസുകളിലെ ലഹരിവ്യാപനം, അക്രമങ്ങൾ എന്നിവ പരിഗണിച്ച് വിദ്യാർത്ഥികളുടെ ഉത്തരവാദിത്വങ്ങളും ബില്ലിൽ ഉൾപ്പെടുത്തണമെന്ന് സബ്ജക്ട് കമ്മിറ്റി ശുപാർശചെയ്തു.
സുപ്രീംകോടതിയിലുള്ള വിഷയവും
തദ്ദേശസ്ഥാപന അദ്ധ്യക്ഷ പദവിയിലുള്ളവരുടെ കാലയളവ് ഔദ്യോഗിക അവധിയായി കണക്കാക്കുന്ന വ്യവസ്ഥയുണ്ട്. ഇത് എയ്ഡഡ് അദ്ധ്യാപകർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിയതു സംബന്ധിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. 2021ൽ സർവീസ് ചട്ടങ്ങളിലുണ്ടാക്കിയ ഭേദഗതി സുപ്രീംകോടതി സ്റ്റേചെയ്തിരുന്നു.
മന്ത്രിക്ക് നേരിട്ട്
ഇടപെടാം
ചാൻസലറുടെ അഭാവത്തിൽ അധികാരങ്ങൾ പ്രോ-ചാൻസലറായ മന്ത്രിക്ക് ഏറ്റെടുക്കാവുന്ന നിലവിലെ വ്യവസ്ഥ മാറ്റി, മന്ത്രിക്ക് അക്കാഡമികവും ഭരണപരവുമായ കാര്യങ്ങളിൽ നേരിട്ട് ഇടപെടാമെന്നാക്കി
സർവകലാശാല, കോളേജ് അടിസ്ഥാനസൗകര്യങ്ങൾ, കോഴ്സുകൾ, പരീക്ഷാനടത്തിപ്പ്, സാമ്പത്തികയിടപാട് എന്നിവയെക്കുറിച്ച് മന്ത്രിക്കോ മന്ത്രി ചുമതലപ്പെടുത്തുന്നവർക്കോ അന്വേഷണം നടത്താം
എം.ജി, കണ്ണൂർ ബോർഡ്ഒഫ് സ്റ്റഡീസുകൾ രൂപീകരിക്കാനുള്ള ചാൻസലറുടെ അധികാരം സിൻഡിക്കേറ്റിനാക്കി. ബോർഡ് ചെയർമാനെ നിശ്ചയിക്കാനുള്ള വി.സിയുടെ അധികാരവും സിൻഡിക്കേറ്റിന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |