കയ്റോ: രണ്ടാം ഘട്ട വെടിനിറുത്തലിന്റെ ചർച്ചയ്ക്ക് ഇസ്രയേൽ തയ്യാറായാൽ ഇസ്രയേലി-അമേരിക്കൻ ഇരട്ട പൗരത്വമുള്ള ഒരു ബന്ദിയേയും നാല് ബന്ദികളുടെ മൃതദേഹങ്ങളും വിട്ടുനൽകാമെന്ന് ഹമാസ്. ഗാസയിലേക്കുള്ള സഹായ വിതരണം പുനരാരംഭിക്കാൻ ഇസ്രയേൽ അനുവദിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ഇസ്രയേൽ സൈനികനും യു.എസിലെ ന്യൂജേഴ്സി സ്വദേശിയുമായ ഈഡൻ അലക്സാണ്ടറിനെ (21) മോചിപ്പിക്കാമെന്നാണ് ഹമാസ് പറയുന്നത്. മദ്ധ്യസ്ഥ രാജ്യങ്ങളുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഹമാസിന്റെ തീരുമാനം. മുന്നോട്ടുള്ള നടപടികൾ തീരുമാനിക്കാൻ ഇസ്രയേൽ ഇന്ന് ക്യാബിനറ്റ് യോഗം ചേരും.
ജനുവരി 19ന് ഗാസയിൽ നിലവിൽ വന്ന ഒന്നാം ഘട്ട വെടിനിറുത്തലിന്റെ കാലാവധി ഈ മാസം 1ന് അവസാനിച്ചിരുന്നു. ഗാസയിൽ നിന്നുള്ള ഇസ്രയേലിന്റെ പൂർണ പിന്മാറ്റം അടങ്ങുന്നതാണ് രണ്ടാം ഘട്ടം. ഇസ്രയേൽ ഇതുസംബന്ധിച്ച ചർച്ചകൾക്ക് തയ്യാറാകുന്നില്ല. പകരം ഒന്നാം ഘട്ടം നീട്ടി കൂടുതൽ ബന്ദികളെ മോചിപ്പിക്കണമെന്നാണ് ആവശ്യം. ഹമാസ് ഇത് നിരസിച്ചതോടെ ഗാസയിലേക്കുള്ള ഭക്ഷണവും മരുന്നുമടക്കമുള്ള സഹായ വിതരണം ഇസ്രയേൽ തടയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |