ലാഹോർ: പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം പറന്നിറങ്ങിയത് പിൻവശത്തെ ഒരു ചക്രമില്ലാതെ. വ്യാഴാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. വിമാനത്തിനോ യാത്രക്കാർക്കോ യാതൊരു പരിക്കുമേറ്റിട്ടില്ല. പികെ 306 വിമാനത്തിന്റെ പിൻചക്രങ്ങളിലൊന്നാണ് അപ്രത്യക്ഷമായത്. കറാച്ചിയിൽ നിന്ന് ലാഹോറിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കറാച്ചിയിൽ നിന്ന് യാത്ര ആരംഭിച്ച സമയത്ത് വിമാനത്തിന് എല്ലാ ചക്രങ്ങളും ഉണ്ടായിരുന്നോയെന്നതിനെക്കുറിച്ചും യാത്രയ്ക്കിടെ നഷ്ടപ്പെട്ടതാണോയെന്നതിനെക്കുറിച്ചും വിശദ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. കറാച്ചി വിമാനത്താവളത്തിൽ നിന്ന് ചക്രത്തിന്റെ അംശങ്ങൾ കണ്ടെത്തിയതായും വിവരമുണ്ട്. അതേസമയം, വിമാനം പറന്നുയരുന്ന സമയത്ത് ഒരു ചക്രം കൃത്യമായി പ്രവർത്തനക്ഷമമല്ലായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. ഷെഡ്യൂൾ അനുസരിച്ച് വിമാനം യാതൊരു സാങ്കേതിക പ്രശ്നവുമില്ലാതെയാണ് ലാൻഡ് ചെയ്തതെന്ന് പറയുന്നു. പിൻഭാഗത്തുളള ആറ് ചക്രങ്ങളിൽ ഒന്നാണ് കാണാതായത്. ചക്രം മോഷ്ടിക്കപ്പെട്ടതാണോയെന്നും അന്വേഷണം നടത്തുമെന്ന് പാകിസ്ഥാൻ എയർലൈൻസിന്റെ വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |