അമരാവതി: കേന്ദ്രത്തിന്റെ ത്രിഭാഷ നയത്തിനെതിരെ പോരാട്ടം നടത്തുന്ന തമിഴ്‌നാടിനെ വിമർശിച്ച് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേന പാർട്ടി അദ്ധ്യക്ഷനുമായ പവൻ കല്യാൺ. തമിഴ്‌നാട് കാപട്യം കാണിക്കുകയാണ്. അവരുടെ നേതാക്കൾ സാമ്പത്തിക നേട്ടങ്ങൾക്കായി തമിഴ് സിനിമകൾ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യാൻ അനുവദിക്കുന്നുവെന്നും എന്നാൽ ഭാഷയെ എതിർക്കുന്നുവെന്നും പവൻ കല്യാൺ കുറ്റപ്പെടുത്തി. ജനസേന പാർട്ടിയുടെ സ്ഥാപക ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'തമിഴ്‌നാട്ടിൽ ആളുകൾ ഹിന്ദിയെ എതിർക്കുന്നു. അവർക്ക് ഹിന്ദി വേണ്ടെങ്കിൽ പിന്നെ എന്തിനാണ് സാമ്പത്തിക നേട്ടങ്ങൾക്കായി തമിഴ് സിനിമകൾ ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നത്. അവർക്ക് ബോളിവുഡിൽ നിന്ന് പണം വേണം, എന്നാൽ ഹിന്ദിയെ അംഗീകരിക്കാനുമാവില്ല. എന്ത് ലോജിക് ആണിത്?'- ജനസേനാ അദ്ധ്യക്ഷൻ ചോദിച്ചു.
ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ ഹിന്ദി നാടുകളിൽ നിന്ന് തൊഴിലാളികളെ സ്വാഗതം ചെയ്യുന്നു, എന്നാൽ അവരുടെ ഭാഷയെ തള്ളിക്കളയുന്നു. ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള വരുമാനം അവർക്ക് വേണം. ഇത് അനീതിയല്ലേ? ഈ മനോഭാവം മാറേണ്ടതല്ലേ എന്നും പവൻ കല്യാൺ ചോദിച്ചു.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷ ഫോർമുല നടപ്പാക്കാനുള്ള കേന്ദ്ര തീരുമാനത്തെ തമിഴ്‌നാട് എതിർക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പവൻ കല്യാണിന്റെ പരാമർശം. സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമായാണ് പുതിയ വിദ്യാഭ്യാസ നയത്തെ തമിഴ്‌നാട് കാണുന്നത്. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് തമിഴ്‌നാടിന്റെ സമഗ്ര ശിക്ഷ പദ്ധതിക്കുള്ള 2152 കോടി രൂപ കേന്ദ്രം തടഞ്ഞുവച്ചതും പോര് രൂക്ഷമാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |