കൊച്ചി: കൊവിഡ് ഇഫക്റ്റിൽ നിന്ന് വിനോദസഞ്ചാര മേഖല കരകയറുന്നു. ഇത്തവണത്തെ സീസണിൽ ജില്ലയിലെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ്. സെപ്തംബർ മുതൽ മാർച്ച് വരെ നീളുന്ന സീസണിൽ പൈതൃക വിനോദസഞ്ചാര മേഖലകളായ ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലുൾപ്പെടെ കഴിഞ്ഞ സീസണേക്കാൾ കൂടുതൽ സഞ്ചാരികളെത്തി. വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾ ഇതിലുൾപ്പെടും.
സംസ്ഥാനത്തും കൂടുതൽ ആളുകളെത്തിയത് ജില്ലയിൽ തന്നെയാണ്. ആഭ്യന്തര വിനോദ സഞ്ചാരികളിൽ 65 ശതമാനവും മറ്റു ജില്ലക്കാരാണ്. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെയും ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നുള്ള സന്ദർശകരുടെയും എണ്ണത്തിൽ വർദ്ധനവുണ്ട്.
വാട്ടർമെട്രോ പുതിയ ഡെസ്റ്റിനേഷൻ
മറ്റു ജില്ലകളിൽ നിന്നു കൊച്ചിയിലെത്തുന്ന കുടുംബങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നത് വാട്ടർ മെട്രോ യാത്ര. ഹൈക്കോടതി ജെട്ടിയിൽ നിന്ന് വൈപ്പിനിലേക്കും ഫോർട്ട് കൊച്ചിയിലേക്കുമുള്ള ബോട്ടുകളിൽ കൊച്ചി കായലിന്റെ ഭംഗി നുകരാനാണ് തിരക്ക്. തമിഴ്നാട്ടിൽ നിന്നുള്ള വിനോദ സഞ്ചാരികൾ പൈതൃക കേന്ദ്രങ്ങൾക്ക് പുറമെ, ചോറ്റാനിക്കര, ആലുവ മണപ്പുറം, എറണാകുളത്തപ്പൻ ക്ഷേത്രം തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നു
സുഖചികിത്സയ്ക്ക് അറബികൾ
മദ്ധ്യേഷ്യൻ രാജ്യങ്ങളിൽ നിന്ന് ആയുർവേദ ചികിത്സയ്ക്കായി ജില്ലയിലെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ തുടങ്ങി രാജ്യങ്ങളിൽ നിന്ന് ഈ സീസണിൽ കൂടുതൽ സന്ദർശകരെത്തി. കൂത്താട്ടുകുളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ആയുർവേദ കേന്ദ്രങ്ങളിലേക്കായിരുന്നു വരവ്. അതേസമയം, ചാർട്ടേർഡ് ഫ്ലൈറ്റുകളിലും ക്രൂയിസുകളിലും പ്രതീക്ഷിച്ചതു പോലെ വിദേശികളുടെ ഒഴുക്കുണ്ടായില്ല.
ദൈവത്തിന്റെ സ്വന്തം നാട്ടിൽ കല്യാണം
വിദേശികളുടെ പ്രധാനപ്പെട്ട വിവാഹ ലൊക്കേഷനായി എറണാകുളം മാറുകയാണ്. ബോൾഗാട്ടി പാലസിലും ഗ്രാൻഡ് ഹയാത്തിലും താജ് ഹോട്ടലിലും വിദേശികളുടെ ഒട്ടേറെ വിവാഹങ്ങൾ നടന്നതായി ടൂറിസം വകുപ്പ് സ്ഥിരീകരിച്ചു. വെഡിംഗ് ടൂറിസത്തിന്റെ വിപുലമായ സാദ്ധ്യതകളാണ് ഇത് തെളിയിക്കുന്നത്. കൺവെൻഷനുകളും മീറ്റിംഗുകളും ലക്ഷ്യമിട്ടുള്ള മൈസ് ടൂറിസവും എറണാകുളത്ത് സജീവമാണ്. രണ്ട് മേഖലകളും കേന്ദ്രീകരിച്ച് നിരവധി ഹോസ്പിറ്റാലിറ്റി ഏജൻസികൾ പ്രവർത്തിക്കുന്നു.
ഈ സീസണിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എറണാകുളം ജില്ലയാണ് സന്ദർശിച്ചത്- ജി.എൽ.രാജിവ്, എറണാകുളം റീജിയണൽ ജോയിന്റ് ഡയറക്ടർ, സംസ്ഥാന വിനോദസഞ്ചാര വകുപ്പ്.
ടൂറിസം സീസണിൽ എത്തുന്ന സഞ്ചാരികളുടെ വർദ്ധന പ്രതീക്ഷ നൽകുന്നു.- ലിജു ജോസഫ്
സെക്രട്ടറി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |