വാഷിംഗ്‌ടൺ: സുരക്ഷാപ്രശ്‌നങ്ങൾ കണക്കിലെടുത്ത് 41 രാജ്യങ്ങളിലെ പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം. 41 രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരിക്കും വിലക്കേർപ്പെടുത്തുക. അഫ്‌ഗാനിസ്ഥാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ പത്ത് രാജ്യങ്ങൾ ഉൾപ്പെടുന്ന ആദ്യ ഗ്രൂപ്പിന് പൂർണമായ വിസ സസ്‌പെൻഷൻ ഏർപ്പെടുത്തും.
എറിട്രീയ, ഹൈതി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങൾ അടങ്ങിയ രണ്ടാമത്തെ ഗ്രൂപ്പ് ഭാഗിക സസ്‌പെൻഷനായിരിക്കും നേരിടുക. ടൂറിസ്റ്റ് വിസ, സ്റ്റുഡന്റ് വിസ, ഇമിഗ്രന്റ് വിസ എന്നിവയെ വിലക്ക് സാരമായി ബാധിക്കും. പാകിസ്ഥാൻ, ഭൂട്ടാൻ തുടങ്ങി 26 രാജ്യങ്ങൾ ഉൾപ്പെടുന്ന മൂന്നാമത്തെ ഗ്രൂപ്പിനും യുഎസ് വിസ നൽകുന്നത് ഭാഗികമായി നിർത്തിവയ്ക്കുന്നത് പരിഗണിക്കും. ഈ രാജ്യങ്ങൾ പോരായ്‌മകൾ 60 ദിവസത്തിനകം പരിഹരിച്ചില്ലെങ്കിലായിരിക്കും വിലക്ക് നേരിടേണ്ടി വരിക. പട്ടികയിൽ ഇന്ത്യ ഇല്ലെന്നാണ് വിവരം. അതേസമയം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ അടക്കമുള്ളവർ പട്ടികയ്ക്ക് ഇതുവരെ അംഗീകാരം നൽകിയിട്ടില്ലെന്നാണ് വിവരം.
ട്രംപ് തന്റെ ആദ്യ ടേമിൽ ഏഴ് മുസ്ളീം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഏറെ വിമർശനങ്ങൾ നേരിട്ട ഈ നീക്കത്തെ 2018ൽ സുപ്രീം കോടതി ശരിവച്ചു. ദേശീയ സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത് യുഎസിലേക്ക് പ്രവേശനം തേടുന്ന വിദേശികളുടെ സുരക്ഷാ പരിശോധന ശക്തമാക്കണമെന്ന് ജനുവരി 20ന് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം യാത്രാവിലക്ക് ഏർപ്പെടുത്തേണ്ട രാജ്യങ്ങളുടെ പട്ടിക നൽകാനും മന്ത്രിസഭാംഗങ്ങളോട് ട്രംപ് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |