കൊച്ചി: കളമശേരി പോളിടെക്നിക്ക് കോളേജിൽ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയായ എസ്എഫ്‌ഐ നേതാവ് അഭിരാജിനെതിരെ സംഘടനാ നടപടി. കോളേജ് യൂണിയൻ സെക്രട്ടറിയായ അഭിരാജിനെ എസ്എഫ്‌ഐയിൽ നിന്ന് പുറത്താക്കി. മൂന്നാംവർഷക്കാരായ ഹരിപ്പാട് കാർത്തികപ്പള്ളി കാട്ടകോയിക്കൽവീട്ടിൽ ആദിത്യൻ (20), കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി കരുനാഗപ്പള്ളി തൊടിയൂർ പനംതറയിൽവീട്ടിൽ ആർ. അഭിരാജ് (21), കുളത്തൂപ്പുഴ വില്ലുമല അടവികോണോത്ത് പുത്തൻവീട്ടിൽ എം. ആകാശ് (21) എന്നിവരെയാണ് കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തത്. 9.70ഗ്രാം കഞ്ചാവ് കൈവശംവച്ച ആദിത്യൻ, അഭിരാജ് എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽവിട്ടിരുന്നു.
ഹോളി ആഘോഷിക്കാൻ വൻതോതിൽ ലഹരിവസ്തുക്കൾ എത്തിയിട്ടുണ്ടെന്ന് ഡി.സി.പി അശ്വതി ജിജിക്ക് ലഭിച്ചവിവരത്തെ തുടർന്നായിരുന്നു പരിശോധന. വ്യാഴാഴ്ച രാത്രി ഒമ്പതോടെ തുടങ്ങി ഇന്നലെ പുലർച്ചെ നാലുവരെ നീണ്ടു. റെയ്ഡിനിടെ രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ചും പ്രതികൾക്ക് കഞ്ചാവ് എത്തിച്ചവരെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൂർവവിദ്യാർത്ഥിയാണ് എത്തിച്ചതെന്നാണ് വിവരം.
മെൻസ് ഹോസ്റ്റലിൽ പുറത്തുനിന്ന് പലരും എത്തുന്നുണ്ടെന്നും ഇത് ലഹരി ഉപയോഗത്തിനാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ആദിത്യനും അഭിരാജും താമസിക്കുന്ന താഴത്തെ നിലയിലെ മുറിയിലും മുകൾനിലയിൽ ആകാശിന്റെ മുറിയിലും നിന്നാണ് കഞ്ചാവുംമറ്റും പിടിച്ചെടുത്തത്. പ്രിൻസിപ്പൽ ഡോ. ഐജു തോമസിനെ സ്ഥലത്തെത്തിച്ച് പൊലീസ് റെയ്ഡിന്റെ ദൃശ്യങ്ങൾ പകർത്തി. ഹോസ്റ്റലിൽ ലഹരി സംഭവം ആദ്യമല്ലെന്നാണ് പ്രിൻസിപ്പൽ മാദ്ധ്യമങ്ങളോടു പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |