ബോർഡ് അംഗത്തിന്റെ ബന്ധുവിന് സർവീസ് ക്രമപ്പെടുത്തി
കൊച്ചി: 17 വർഷത്തെ അനധികൃത അവധി റെഗുലർ സർവീസാക്കി മാറ്റി കൊച്ചിൻ ദേവസ്വം ബോർഡ്. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ ദേവസ്വം ബോർഡ് അംഗം എം.ബി. മുരളീധരന്റെ അടുത്ത ബന്ധു രാജീവ് എമ്പ്രാന്തിരിക്കാണ് അപൂർവ യോഗം. മുരളീധരന്റെ കാലാവധി തീരുന്ന ദിനമായ കഴിഞ്ഞ ഫെബ്രുവരി 22ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനവുമായി. മാർച്ച് അഞ്ചിന് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവും ഇറങ്ങി.
9 ശതമാനം പലിശയോടെ 17 വർഷത്തെ ശമ്പളകുടിശികയും നിയമനവും സർവീസ് ക്രമപ്പെടുത്തലും വേണമെന്ന് ആവശ്യപ്പെടുന്ന രാജീവ് എമ്പ്രാന്തിരിയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് 17 വർഷത്തെ വനവാസം സർവീസാക്കി മാറ്റിയുള്ള ബോർഡിന്റെ ഉത്തരവ്.
ഇക്കാലയളവ് നോൺ ഡ്യൂട്ടിയായി പരിഗണിച്ചാണ് ഇയാളെ തിരിച്ചെടുക്കാൻ ഉത്തരവുണ്ടായത്. ഇത് ഭേദഗതി ചെയ്താണ് ഇപ്പോൾ കാലാവധി ക്രമപ്പെടുത്തിയത്.
ഭേദഗതി ചെയ്യാൻ ബോർഡിന് അധികാരമുണ്ടെന്ന നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും രേഖാമൂലം ഇല്ലെന്നാണ് വിവരം. സാധാരണ ഒരു ജീവനക്കാരന്റെ അപേക്ഷ ലഭിച്ചാൽ എൻക്വയറി നടത്തിയാണ് തീരുമാനമെടുക്കുക. ഇവിടെ അതൊന്നും ഉണ്ടായില്ല. അപേക്ഷ മാത്രമാണ് പരിഗണിച്ചത്.
കെ. രാജീവ് എമ്പ്രാന്തിരി കടവല്ലൂർ ക്ഷേത്രത്തിൽ ശാന്തിക്കാരനായിരിക്കെ 2007 ജൂലായിലാണ് അപ്രത്യക്ഷനായത്. തന്നെ സസ്പെൻഡ് ചെയ്തതാണെന്നും പുനർനിയമനം വേണമെന്നും ആവശ്യപ്പെട്ട് 2023 മേയിൽ ദേവസ്വം ബോർഡിന് അപേക്ഷ നൽകി. സസ്പെൻഡ് ചെയ്തതായി രാജീവിന്റെ പക്കലോ ബോർഡിന്റെ പക്കലോ രേഖയില്ല.
വ്യവസ്ഥ പാലിക്കാതെ നിയമനങ്ങൾ
ശമ്പളം പോലും നിശ്ചയിക്കാതെ ഡിസംബറിൽ ഇയാളെ ചേരാനല്ലൂർ മാരാപറമ്പ് ക്ഷേത്രത്തിൽ നിയമിച്ചു. 2024 ആഗസ്റ്റിൽ മേജർ ക്ഷേത്രമായ എറണാകുളം വളഞ്ഞമ്പലം ക്ഷേത്രത്തിലെ മേൽശാന്തിയാക്കി. മേജർ ക്ഷേത്രങ്ങളിലേക്ക് 15 വർഷത്തെ സർവീസ് വേണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. ഇതിനിടെ ജൂനിയർ ശാന്തിക്കാരന്റെ ശമ്പള സ്കെയിലിൽ ശമ്പളവും അനുവദിച്ചു.
സർവ്വീസ് ക്രമപ്പെടുത്തൽ ഉത്തരവിൽ പറയുന്നത്
സേവനവിടവ് ഉണ്ടാകാതിരിക്കാൻ വിട്ടുനിന്ന കാലയളവ് നോൺ ഡ്യൂട്ടിയായി കണക്കാക്കും
ഹാജരില്ലാത്ത കാലയളവ് പെൻഷൻ ആനുകൂല്യങ്ങൾക്ക് കണക്കാക്കും
ശമ്പളം ഉൾപ്പടെ മറ്റ് ആനുകൂല്യങ്ങൾക്ക് പരിഗണിക്കില്ല
രാജീവിന്റെ ഹർജിയിൽ പറയുന്നത് സസ്പെൻഡ് ചെയ്തിട്ടില്ലെന്നും ഹാജരില്ലായ്മയിൽ ആണെന്നുമാണ്.
അനധികൃത ഹാജരില്ലായ്മ ഗുരുതര കുറ്റമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |