കൊച്ചി: പ്രമുഖ സ്വകാര്യ ബാങ്കായ ഇൻഡസ് ഇൻഡ് ബാങ്ക് തകർച്ചയിലാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ബാങ്കിന്റെ മൂലധന സ്ഥിതിയും സാമ്പത്തിക ശേഷിയും ശക്തമാണെന്ന് നിക്ഷേപകർക്ക് റിസർവ് ബാങ്ക് ഉറപ്പുനൽകി. ഇൻഡസ് ഇൻഡ് ബാങ്കിന്റെ ധനസ്ഥിതിയെ കുറിച്ചുള്ള ആശങ്കകളിൽ കഴമ്പില്ലെന്നും സാഹചര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും റിസർവ് ബാങ്ക് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
നിലവിൽ ഇൻഡസ് ഇൻഡ് ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 16.46 ശതമാനമാണ്. പ്രൊവിഷൻ കവറേജ് അനുപാതം ഡിസംബർ 31 വരെയുള്ള കാലയളവിൽ 70.20 ശതമാനമാണ്. പണലഭ്യത അനുപാതം 113 ശതമാനമാണെന്നും നിക്ഷേപകർക്ക് പണം നഷ്‌ടമാകുമെന്ന യാതൊരു ആശങ്കയും വേണ്ടെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി.
മാർച്ച് 31നകം ഡെറിവേറ്റീവ് മൂല്യത്തിലെ വ്യത്യാസം മൂലമുണ്ടായ പ്രതിസന്ധികൾ പരിഹരിക്കാൻ ഇൻഡസ് ഇൻഡ് ബാങ്കിന് റിസർവ് ബാങ്ക് നിർദേശം നൽകിയിട്ടുണ്ട്. ഡെറിവേറ്റീവ് പോർട്ട്ഫോളിയോ കണക്കാക്കുന്നതിൽ വന്ന പാളിച്ച മൂലം ബാങ്കിന്റെ അറ്റആസ്തിയിൽ 2.38 ശതമാനം കുറവുണ്ടാകുമെന്ന വാർത്തകളാണ് നിക്ഷേപകർക്ക് നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. എന്നാൽ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാണെന്നും ആവശ്യമെങ്കിൽ കൂടുതൽ മൂലധനം ലഭ്യമാക്കുമെന്നും മുഖ്യ പ്രൊമോട്ടർ അശോക് ഹിന്ദുജ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |