ടെൽ അവീവ്: വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിലുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ മാദ്ധ്യമ പ്രവർത്തകരും സന്നദ്ധ സേനാംഗങ്ങളും അടക്കം ഒമ്പത് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച വാഹനം ആക്രമിക്കുകയായിരുന്നു. മേഖലയിൽ ഷെല്ലാക്രമണം ഉണ്ടായെന്നും റിപ്പോർട്ടുണ്ട്. ബെയ്റ്റ് ലാഹിയയിൽ നിലയുറപ്പിച്ച സൈനികർക്ക് നേരെ ഡ്രോൺ ഉപയോഗിച്ച് ഭീഷണി സൃഷ്ടിച്ചവരെയാണ് ലക്ഷമിട്ടതെന്ന് ഇസ്രയേൽ പ്രതികരിച്ചു.
അതേസമയം, ഇസ്രയേലിനെതിരെ ഹമാസ് രംഗത്തെത്തി. ഇസ്രയേലിന്റെ നടപടി വെടിനിറുത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ആരോപിച്ചു. കരാർ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ആക്രമണം. ജനുവരി 19ന് ഒന്നാം ഘട്ട വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത് മുതൽ 150 പാലസ്തീനികളെ ഇസ്രയേൽ വധിച്ചെന്നും ഹമാസ് ചൂണ്ടിക്കാട്ടി. വെടിനിറുത്തൽ ചർച്ചകൾക്കായി ഹമാസിന്റെ ഉന്നത നേതാവ് ഖലീൽ അൽ-ഹയ്യ ഇന്നലെ ഈജിപ്റ്റിലെ കയ്റോയിൽ എത്തിയിരുന്നു.
ഗാസയിൽ ആറാഴ്ച നീണ്ട ഒന്നാം ഘട്ട വെടിനിറുത്തൽ ഈ മാസം 1ന് അവസാനിച്ചിരുന്നു. ഗാസയിൽ നിന്നും ഇസ്രയേലിന്റെ പൂർണ പിന്മാറ്റം അടങ്ങുന്ന രണ്ടാം ഘട്ടം തുടങ്ങണമെന്ന് ഹമാസ് ആവശ്യപ്പെടുന്നു. ഒന്നാം ഘട്ടം നീട്ടി കൂടുതൽ ബന്ദികളെ മോചിപ്പിക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. ഹമാസ് ഇത് നിരസിച്ചതോടെ ഗാസയിലേക്കുള്ള സഹായ വിതരണം ഇസ്രയേൽ തടഞ്ഞിരുന്നു.
ഇന്ത്യൻ വിദ്യാർത്ഥിയുടെ
വിസ റദ്ദാക്കി
യു.എസിൽ ഹമാസ് അനുകൂല പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് വിസ റദ്ദാക്കപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി സ്വമേധയാ നാട്ടിലേക്ക് മടങ്ങി. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ഗവേഷണം നടത്തുന്ന രഞ്ജനി ശ്രീനിവാസനാണ് മടങ്ങിയത്.
രഞ്ജനി രാജ്യംവിടുന്നതിന്റെ ദൃശ്യങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സിൽ പങ്കുവച്ചു. 'യു.എസിൽ പഠിക്കാനും താമസിക്കാനും വിസ ലഭിക്കുന്നത് പ്രത്യേക ആനുകൂല്യമാണ്. അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചാൽ ഈ ആനുകൂല്യം ഇല്ലാതാക്കും. അവർ യു.എസിലുണ്ടാകില്ല. " ക്രിസ്റ്റി കുറിച്ചു.
സി.ബി.പി ഹോം ആപ്പ് വഴിയാണ് രഞ്ജനി നാട്ടിലേക്ക് മടങ്ങിയത്. വിസ റദ്ദാക്കപ്പെട്ടവർക്ക് ഔദ്യോഗിക നാടുകടത്തലിന് വിധേയമാകാതെ സ്വമേധയാ നാട്ടിലേക്ക് മടങ്ങാൻ ആപ്പ് അവസരം നൽകുന്നു. ഹമാസ് അനുകൂല പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങിയ വിദേശ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |