വിശാഖപട്ടണം: ചൂടുകാലത്ത് പാമ്പുകളുടെ ശല്യം ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ എസിക്കുള്ളിൽ പാമ്പും കുഞ്ഞുങ്ങളും സ്ഥിരതാമസമാക്കിയാലോ? വിശാഖപട്ടണം പെൻദുർത്തിയിലെ വീട്ടിൽ ഏറെ നാളായി ഉപയോഗിക്കാതിരുന്ന എസി ഓണാക്കിയപ്പോഴാണ് പാമ്പിനെ കണ്ടെത്തിയത്.
സത്യനാരായണ എന്നയാളുടെ ഉടമസ്ഥതയിലാണ് വീട്. പാമ്പിനെ കണ്ടെത്തിയ എസി ഏറെ നാളായി പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം ഇത് ഓണാക്കി. അല്പം കഴിഞ്ഞപ്പോഴാണ് എസിക്കുള്ളിൽ നിന്ന് എന്തോ ഒന്ന് ഇഴഞ്ഞ് പുറത്തുവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അത് പാമ്പാണെന്ന് വ്യക്തമായത്. ഇതോടെ ഭയന്ന വീട്ടുകാർ പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചു. അവരെത്തി നടത്തിയ പരിശോധനയിലാണ് കുഞ്ഞുങ്ങളെക്കൂടി കണ്ടെത്തിത്. തുടർന്ന് ഇവയെയെല്ലാം പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. വിഷമുള്ള പാമ്പുകളെയാണോ കണ്ടെത്തിയത് എന്ന് വ്യക്തമല്ല. സംഭവത്തിന്റെ വീഡിയാേ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ആയിരക്കണക്കിന് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. എസി എന്നല്ല കുറേക്കാലം പ്രവർത്തിക്കാതെ ഇരിക്കുന്ന വൈദ്യുതോപകരങ്ങൾ വീണ്ടും പ്രവർത്തിക്കുമ്പോൾ ജാഗ്രത കാണിക്കണമെന്നാണ് കൂടുതൽപ്പേരും അഭിപ്രായപ്പെടുന്നത്. അതിന് പ്രത്യക്ഷ ഉദാഹരണമാണ് ഇതെന്നും അവർ പറയുന്നുണ്ട്.
എസി സ്ഥാപിക്കുമ്പോൾ പുറത്തേക്ക് തുറക്കുന്ന പൈപ്പ് ലൈനുകളുടെ അറ്റം ശരിയായി അടയ്ക്കാതിരുന്നാലും ഇത്തരത്തിൽ സംഭവിക്കുമെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. ഉപയോഗിക്കാതെ ഇരിക്കുന്ന എസി പോലുള്ള ഇലക്ട്രോണിക് ഉപകരങ്ങൾ മുട്ടയിടുകയും മറ്റും ചെയ്യുന്ന അവസരങ്ങളിൽ പാമ്പുകൾ സുരക്ഷിത താവളമാക്കി മാറ്റാറുണ്ടെന്നാണ് വന്യജീവി വിദഗ്ദ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |