മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാന്റെ വേൾഡ് വൈഡ് റിലീസ് തീയതി പ്രഖ്യാപിച്ചു. ആദ്യ ഷോ മാർച്ച് 27ന് പുലർച്ചെ ആറ് മുതലായിരിക്കും. മോഹൻലാലും പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരുമാണ് പുതിയ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഓരോ രാജ്യത്തെയും സമയമനുസരിച്ച് റിലീസുകളിൽ മാറ്റമുണ്ടാകും.
കഴിഞ്ഞ ദിവസം ചിത്രത്തിൽ നിന്നും തമിഴ് നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് പിൻമാറിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസും സുഭാസ്‌കരന്റെ ലൈക്കയും ചേർന്നായിരുന്നു ചിത്രത്തിന്റെ നിർമാണം. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ലൈക്കയുടെ ഷെയർ ഏറ്റെടുക്കുമെന്നായിരുന്നു വിവരം. റിലീസ് തീയതി മാർച്ച് 27ൽ നിന്ന് മാറ്റുമോയെന്ന ആശങ്ക പ്രേക്ഷകർക്കിടയിലുണ്ടായിരുന്നു.
മഞ്ജു വാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, സാനിയ അയ്യപ്പൻ, ശിവദ, അനീഷ് മേനോൻ തുടങ്ങിയവരോടൊപ്പം നിരവധി വിദേശ താരങ്ങളും എമ്പുരാനിൽ അണിനിരക്കുന്നു. 2019ൽ തീയേറ്ററുകളിലെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സുജിത് വാസുദേവാണ്, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാ സംവിധാനം. ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. മൂന്ന് ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
2023 ഒക്ടോബർ അഞ്ചിന് ഫരീദാബാദിൽ വച്ചാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്. അമേരിക്ക, യുകെ, യുഎഇ, ചെന്നൈ, മുംബയ്, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |