തിരുവനന്തപുരം: കൈക്കൂലി വാങ്ങവേ വിജിലൻസിന്റെ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപറേഷൻ എറണാകുളം ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിന്റെ പക്കൽ കണ്ടെത്തിയത് വൻ നിക്ഷേപവും മദ്യശേഖരവും. കൊല്ലം കടയ്ക്കൽ സ്വദേശിയും കുറവൻകോണം പണ്ഡിറ്റ്‌സ് കോളനിയിലെ താമസക്കാരനുമായ ഗ്യാസ് ഏജൻസി ഉടമ മനോജിന്റെ പരാതിയിലാണ് അലക്‌സ് മാത്യു അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഏജൻസി ഉടമയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു പിടിയിലായത്. ഇയാളുടെ വാഹനത്തിൽ നിന്ന് ഒരുലക്ഷം രൂപ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തേയ്ക്ക് വരുന്നവഴി മറ്റൊരാളിൽ നിന്ന് കൈക്കൂലി വാങ്ങിയതായാണ് സംശയം. സംഭവത്തിൽ അലക്‌സ് മാത്യുവിനെ ഇന്ത്യൻ ഓയിൽ കോർപറേഷൻ സസ്‌പെൻഡ് ചെയ്തു.
അലക്‌സ് മാത്യുവിന്റെ പക്കൽ 29 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയത്. കൊച്ചിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിക്ഷേപത്തിന്റെ രേഖകൾ വിജിലൻസ് പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ വൻതോതിൽ മദ്യശേഖരം കണ്ടെത്തിയതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സാമ്പത്തിക ഇടപാടിന്റെ മറ്റുചില രേഖകളും കൊച്ചിയിലെ വീട്ടിൽ നിന്ന് പിടികൂടിയിട്ടുണ്ട്. കൊച്ചിയിലെ ഐഒസിയുടെ ഓഫീസിലും വിജിലൻസ് സംഘം രാത്രി പരിശോധന നടത്തി. അലക്‌സ് മാത്യു ഐഒസി അസിസ്റ്റന്റ് മാനേജർ ആയതുമുതൽ കൈക്കൂലി വാങ്ങിയിരുന്നതായാണ് സൂചന. അലക്‌സിനെതിരെ കൂടുതൽ പരാതികളുണ്ടോയെന്ന് അന്വേഷിക്കുന്നതായി വിജിലൻസ് വ്യക്തമാക്കി.
മനോജ് ഭാര്യയുടെ പേരിൽ കൊല്ലം കടയ്ക്കലിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഗ്യാസ് ഏജൻസി നടത്തുകയാണ്. രണ്ടു മാസം മുൻപ് അലക്സ് മാത്യു ഫോൺ ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി. ഭാര്യയുടെ പേരിലുള്ള ഏജൻസിയിൽ നിന്ന് ഉപഭോക്താക്കളെ അടുത്തുള്ള ഏജൻസികളിലേയ്ക്ക് മാറ്റാതിരിക്കാൻ പത്തുലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. പണം നൽകാൻ സാധിക്കില്ലെന്ന് മനോജ് മറുപടി പറഞ്ഞു.
പിന്നാലെ ഏജൻസിയിൽ നിന്ന് ഏകദേശം 1200 കണക്ഷൻ അലക്സ് മാത്യു മറ്റൊരു ഏജൻസിക്ക് നൽകി. വീണ്ടും ഫോണിൽ വിളിച്ച് തിരുവനന്തപുരത്തേക്ക് വരുന്നെന്നും തുക അവിടെ വച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് മനോജ് പൂജപ്പുരയിലെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. ഓപ്പറേഷൻ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായാണ് അലക്‌സ് മാത്യുവിനെ വിജിലൻസ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |