ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ നിന്നുളളവർ മാറ്റുരച്ച അബുദാബിയിൽ നടന്ന സ്‌പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയിയാണ് തൃശൂരുകാരനായ അൻവർ സാദത്ത് ടി എ. ലോകമെമ്പാടുമുള്ള സംസ്കാരങ്ങളിലും സമൂഹത്തിലും ആഴത്തിൽ പ്രതിഫലിക്കാൻ കഴിയുന്ന സാർവ്വത്രിക ഭാഷയാണ് ഫോട്ടോഗ്രാഫി. ഈ സന്ദേശം നൽകിയാണ് അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്‌പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രാഫി മത്സരം നടത്തുന്നത്. ഫോട്ടോഗ്രാഫി പഠിക്കാതെ തന്നെ ലോകത്തിന് മുന്നിൽ കഴിവ് തെളിയിച്ച ഈ 30കാരൻ, ഒരു ഫോട്ടോ കൊണ്ട് സ്വന്തമാക്കിയത് 1,00,000 ദിർഹമാണ് (ഏകദേശം 23 ലക്ഷം ഇന്ത്യൻ രൂപ). പ്രവാസിയായ അബ്ദുൽ ജബ്ബാറിന്റെയും സെറിനയുടെയും മകനാണ് അൻവർ.
സ്‌പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രാഫി എന്ന മത്സരത്തിലെ പ്രധാന വിഭാഗമായ മോസ്‌ക്സ് ആന്റ് മസ്ജിദിലെ ഒന്നാം സമ്മാനമാണ് അൻവർ സ്വന്തമാക്കിയത്. അതും നമ്മുടെ സ്വന്തം താജ്മഹലിന്റെ ചിത്രം പകർത്തി. യുഎഇ ആരോഗ്യ പ്രതിരോധമന്ത്രിയും ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്‍റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസിയിൽ നിന്നാണ് അൻവർ പുരസ്കാരം ഏറ്റുവാങ്ങിയത്.
60 രാജ്യങ്ങളില്‍ നിന്നായി 2000 പേരുടെ 3070 ഓളം ചിത്രങ്ങള്‍ മത്സരത്തില്‍ മാറ്റുരച്ചു. ഇതിൽ യുഎഇ, ഈജിപ്ത്, പലസ്തീൻ, സുഡാന്‍, സ്ലോവേനിയ, മോള്‍ഡോവ, കെനിയ, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുളളവരാണ് അവസാന റൗണ്ടിലെത്തിയത്. ഇതിൽ നിന്നാണ് അന്‍വർ സാദത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം ഈജിപ്തിലെ വേൽ അൻസിനായിരുന്നു. തന്റെ വിജയത്തെക്കുറിച്ച് കേരളകൗമുദി ഓൺലെെനിനോട് സംസാരിക്കുകയായിരുന്നു അൻവർ.
ചിത്രരചനയിൽ നിന്ന് ഫോട്ടോഗ്രാഫിയിലേക്ക്
ചെറുപ്പത്തിൽ ചിത്രം വരയ്ക്കുമായിരുന്നു. പ്ലസ് വൺ, പ്ലസ്ടു സമയത്താണ് എല്ലാവരും ഫേസ്ബുക്കിൽ പോസ് ചെയ്യുന്ന സ്വന്തം ഫോട്ടോ ഇടുന്ന ട്രെൻഡ് വന്നത്. അന്ന് ഞാനും കുറച്ചു കൂട്ടുകാരും അത് ശ്രമിച്ച് നോക്കി. ഞങ്ങൾ ക്യാമറ കടം വാങ്ങി ഫോട്ടോ എടുക്കാൻ തുടങ്ങി. അങ്ങനെയാണ് ആദ്യമായി ക്യാമറയെക്കുറിച്ച് പഠിക്കുന്നത്. പിന്നെ ക്യാമറയുമായി ബന്ധപ്പെട്ട് പഠിക്കാൻ ആഗ്രഹിച്ചിരുന്നു. പ്ലസ് ടു കഴിഞ്ഞ് ബി എ ജേണലിസം തിരഞ്ഞെടുത്തു.
ജെയിൻ യൂണിവേഴ്സിറ്റ് ബംഗളൂരുവിലാണ് പഠിച്ചത്. അവിടെ നിന്നാണ് ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ഞങ്ങളുടെ റൂമിൽ ഒരു ഫോട്ടോഗ്രാഫർ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ജാഫർ കോട്ടയ്ക്കൽ എന്നാണ്. അദ്ദേഹത്തിന്റെ കൂടെ നടന്നാണ് എങ്ങനെ ഫോട്ടോ എടുക്കണമെന്ന് പഠിച്ചത്.
സമ്മാന ചിത്രത്തിന് പിന്നിൽ
വെറൈറ്റി ചിത്രങ്ങൾ എടുക്കാനായിരുന്നു എനിക്ക് ഇഷ്ടം. താജ്മഹലിൽ പള്ളിയുള്ള കാര്യം പലർക്കും അറിയില്ല. എല്ലാ വെള്ളിയാഴ്ചകളിലും അവിടെ നിസ്കാരം നടക്കാറുണ്ട്. പക്ഷേ അന്ന് അവിടെയുള്ളവർക്ക് മാത്രമേ പ്രവേശനം ഉള്ളൂ. ടൂറിസ്റ്റുകൾക്ക് പ്രവേശനമില്ല. എന്നാൽ പെരുന്നാൾ ദിനത്തിൽ എല്ലാവർക്കും പോകാം. നിസ്കാരം കാണാൻ സാധിക്കും. അന്ന് ഹോളി ആഘോഷത്തിന്റെ ചിത്രങ്ങൾ പകർത്താൻ ഡൽഹിയിൽ പോയപ്പോൾ രണ്ടാഴ്ചയ്ക്ക് ശേഷം പെരുന്നാൾ ആണെന്ന് അറിഞ്ഞു. പിന്നെ കൂട്ടുകാരുടെ ഒപ്പം നിന്നു. ശേഷം പെരുന്നാൾ ദിനത്തിൽ ആഗ്രയിലേക്ക് പോയി.
നിസ്കാര ചിത്രം എടുക്കണമെന്ന് തിരുമാനിച്ചാണ് പോയത്. എട്ട് മണിക്കായിരുന്നു നിസ്കാരം. ഞാൻ ആറ് മണിക്ക് തന്നെ അവിടെ പോയി നിന്നു. അങ്ങനെ നിസ്കാരത്തിനായി തയ്യാറെടുക്കുന്ന ആളുകളുടെ ഇടയിലൂടെ പതുക്കെ നടന്ന് എടുത്ത ചിത്രത്തിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മത്സരത്തിന് മൂന്ന് ചിത്രങ്ങൾ അയക്കാമായിരുന്നു. ഇതിന് സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
2019ൽ യുഎഇയിൽ പോയപ്പോൾ ഗ്രാന്‍ഡ് മോസ്കിൽ പോയിരുന്നു. മോസ്കിനെ കുറിച്ചുളള കാര്യങ്ങള്‍ അന്വേഷിക്കാനായി ചെന്നപ്പോള്‍, അവിടെയുളളവർ തെറ്റിദ്ധരിച്ച് സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രാഫിയെ കുറിച്ചുളള വിവരങ്ങളാണ് പറഞ്ഞത്. മത്സരത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ പങ്കെടുക്കാന്‍ ആഗ്രഹം തോന്നി. അന്നത്തെ പ്രമേയം ടോളറന്‍സ് എന്നതായിരുന്നു. ഞാൻ പങ്കെടുത്തിരുന്നു. പക്ഷേ അന്ന് ചെെനയിലെ ഒരു ഫോട്ടോഗ്രാഫറിനാണ് സമ്മാനം ലഭിച്ചത്. അപ്പോഴാണ് മത്സരത്തിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസിലായി.
2019 ന് ശേഷം പിന്നെ 2024 ലാണ് വീണ്ടും സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രാഫി മത്സരം പ്രഖ്യാപിച്ചത്. വിഷയം നോക്കിയപ്പോൾ 'മോസ്‌ക്സ് ആന്റ് മസ്ജിദി'. ആദ്യം ഈ വിഷയം കണ്ടപ്പോൾ ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ല. കാരണം പല രാജ്യങ്ങളിലും നിന്ന് വളരെ പ്രശസ്തമായ വലിയ മോസ്കിന്റെ ചിത്രങ്ങൾ വരാം. പിന്നെ എന്റെ കെെയിൽ ഒരുപാട് മസ്ജിദിന്റെ ചിത്രങ്ങൾ ഉണ്ടായിരുന്നു. എനിക്ക് അറിയാവുന്ന കുറച്ച് ഫോട്ടോഗ്രാഫർമാരോട് ചർച്ച ചെയ്ത് ഷോട്ട് ലിസ്റ്റ് ചെയ്തു. പിന്നെ എന്റെ സുഹൃത്തും ട്രാവലിംഗ് പാർട്ണറുമായ ടിറ്റു ഷാജി തോമസാണ് സമ്മാനം ലഭിച്ച ചിത്രം മത്സരത്തിന് അയക്കണമെന്ന് പറഞ്ഞത്. അതിന് ഒന്നാം സ്ഥാനം ലഭിച്ചതിൽ വളരെ സന്തോഷമുണ്ട്. കണ്ണുകൊണ്ട് കണ്ട പല ചിത്രങ്ങളും ഇന്നും എടുക്കാൻ കഴിഞ്ഞില്ല. കൂടുതൽ എക്വിപ്‌മെന്റ് വാങ്ങണം. ഇനിയും ഒരുപാട് വ്യത്യസ്തതരം ചിത്രങ്ങൾ പകർത്തണമെന്നാണ് ആഗ്രഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |