എടവണ്ണപ്പാറ: പഴമയെ നെഞ്ചോടുചേർത്ത് പഴയ ആചാരങ്ങൾ ഇപ്പോഴും പിന്തുടരുന്ന ഒരു നാടുണ്ട് മലപ്പുറം ജില്ലയിൽ. വാഴക്കാട് വലിയ ജുമഅത്ത് പള്ളിയിലാണ് ഇന്നും കതീന വെടി പൊട്ടിക്കുന്നത്. നോമ്പ് കാലത്ത് ബാങ്ക് വിളി സമയം ഇപ്പോഴും കതിന വെടിയൊച്ചയിൽ കേട്ട് നോമ്പ് തുറക്കുകയാണ് ഈ ഗ്രാമം.
41 വർഷമായി എം.സി.അബുള്ളയാണ് മുടക്കമില്ലാതെ കതിന വെടി പൊട്ടിക്കുന്നത്.
നൂറ്റാണ്ടുകൾക്കു മുൻപെയുള്ള ആചാരം. മാവൂർ,വാഴക്കാട്,പുളിക്കൽ പഞ്ചായത്തിന്റെ ചില ഭാഗങ്ങൾ,ചീക്കോട്,പെരുവയൽ മുതുവല്ലൂരിന്റെ ചില ഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾക്കും വലിയ ആശ്വാസമാണ് നോമ്പ് തുറ സമയത്തെ ഈ കതിന വെടി പൊട്ടിക്കൽ. അതിനുവേണ്ടി ആളുകൾ കാത്ത് നിൽക്കുമെന്നുള്ളതാണ് അബ്ദുള്ളയെ ഇപ്പോഴും കതീന പൊട്ടിക്കാൻ ഊർജം നൽകുന്നത്.
അത്താഴത്തിന് മുൻപ് പുലർച്ചെ ബാങ്ക് വിളിക്കുമ്പോഴും നോമ്പ് തുറക്കും മുൻപ് മഗ്രിബ് ബാങ്ക് വിളിക്കുമ്പോഴും കതീനവെടി പൊട്ടിച്ചായിരുന്നു പ്രദേശവാസികൾ പണ്ട് കാലത്ത് ഇവ അറിഞ്ഞിരുന്നത്. അന്ന് പള്ളികൾ കുറവായിരുന്നു. അതു കൊണ്ടു തന്നെ കതിന വെടികേൾക്കാനായി ഇസ്ലാം മത വിശ്വാസികൾ കാതോർക്കുമായിരുന്നു.
ഇന്ന് കാലം ഏറെ മാറിയെങ്കിലും ഈ ആചാരം ഇപ്പോഴും തുടരുകയാണ് വാഴക്കാട് വലിയ ജുമഅത്ത് പള്ളിയിൽ. എത്രമാത്രം കതിനയിൽ കളിമണ്ണ് ഇടിച്ചു നിറക്കുന്നുവോ അത്രയും ശബ്ദവും കുടും.
ചുരുങ്ങിയത് 100 പ്രാവശ്യമെങ്കിലും ഒരു കതിനയിൽ കളിമണ്ണു അടിച്ചു നിറക്കും. എട്ട് കിലോമീറ്റർ ചുറ്റളവിൽ വെടിയൊച്ച കേൾക്കാം. പെരുന്നാൾ അറിയിക്കുന്നതിനും കതീന വെടി മുഴക്കും. സാധാരണ കതിന പൊട്ടിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് ഇവിടെ കതീനയിൽ വെടിമരുന്ന് നിറച്ച് പൊട്ടിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |