ഫ്ലോറിഡ: നാലംഗ ബഹിരാകാശയാത്രിക സംഘത്തെ എത്തിച്ചുകൊണ്ട്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്‌എസ്) സ്‌പേസ് എക്‌സ് ക്രൂ കാപ്‌സ്യൂൾ വിജയകരമായി ഡോക്ക് ചെയ്തിരിക്കുകയാണ്. ബുച്ച് വിൽമോറിനും സുനിത വില്യംസിനും പകരക്കാരായാണ് ഇവരെത്തിയത്. മാർച്ച് 14നാണ് ഫാല്‍ക്കണ്‍ - 9 റോക്കറ്റ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. പുതിയ സംഘം എത്തിയതോടെ ഒമ്പത് മാസത്തിലേറെയായി ഭ്രമണപഥത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിതാ വില്യംസും ബുച്ച് വിൽമോറും മാർച്ച് 19ന് ഭൂമിയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്. യുഎസ്, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നാലംഗ സംഘം കുറച്ചുദിവസം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കും.
2024 ജൂൺ അഞ്ചിനാണ് സുനിതയും വിൽമോറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ജൂൺ 13ന് ഇരുവരും ഭൂമിയിൽ തിരിച്ചെത്തേണ്ടതായിരുന്നു. പേടകത്തിലെ ഹീലിയം ചോർച്ച മൂലം യാത്ര മുടങ്ങി. പിന്നാലെ സെപ്തംബർ ഏഴിന് സ്‌റ്റാർലൈനർ ആളില്ലാതെ തിരിച്ചെത്തി. 2025 ജനുവരി 30ന് സുനിത അഞ്ച് മണിക്കൂറിലേറെ സ്പേസ് വാക്ക് നടത്തി. ഇതോടെ കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിതയായി സുനിത ചരിത്രം കുറിച്ചു. (62 മണിക്കൂർ 6 മിനിറ്റ്).
സുനിതയയെും ബുച്ചിനെയും കാത്തിരിക്കുന്നത് വലിയ വെല്ലുവിളികൾ
ഭൂമിയിലേയ്ക്ക് മടങ്ങിവന്നതിനുശേഷമുള്ള ജീവിതം സുനിതയ്ക്കും ബുച്ചിനും എളുപ്പമായിരിക്കില്ല. ഇരുവർക്കും 'ബേബി ഫീറ്റ്' എന്ന അവസ്ഥ ഉടലെടുത്തിരിക്കാമെന്നാണ് കരുതപ്പെടുന്നത്. മാസങ്ങൾ ബഹിരാകാശത്ത് ചെലവഴിച്ചതിന്റെ ഫലമായി ബഹിരാകാശ യാത്രികരുടെ കാൽപാദങ്ങൾ കുഞ്ഞുങ്ങളുടേത് പോലെ മൃദുലമാകുന്ന അവസ്ഥയാണിത്. ഇക്കാരണത്താൽ തന്നെ ഭൂമിയിലെത്തിയതിനുശേഷം നടക്കുമ്പോൾ അതികഠിനമായ വേദനയായിരിക്കും അനുഭവപ്പെടുക. കാൽപ്പാദത്തിൽ കട്ടിയായ തൊലി രൂപപ്പെടാൻ മാസങ്ങൾവരെ വേണ്ടിവരാം. ഇക്കാലമത്രയും നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടാം.
കാലുകൾ കുഞ്ഞുങ്ങളുടേത് പോലെയാകുന്നതിന് പുറമെ മാസങ്ങളായി ഗുരുത്വാകർഷണത്തിന്റെ അഭാവത്തിൽ കഴിഞ്ഞത് അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നതിനും കാരണമാവും. ഇത് ചിലപ്പോൾ പരിഹരിക്കാനും കഴിയാതെ വരാം. ബഹിരാകാശത്ത് കഴിയുന്ന ഓരോ മാസവും അസ്ഥികളുടെ സാന്ദ്രത ഒരു ശതമാനം കുറയുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ഭൂമിയിലേതുപോലെ ചലനങ്ങളും മറ്റും ഇല്ലാത്തതിനാൽ മസിലുകളും ദുർബലപ്പെടും.
ഗുരുത്വാകർഷണത്തിനെതിരായി ഹൃദയത്തിന് രക്തം പമ്പ് ചെയ്യേണ്ടി വരുന്നില്ല എന്നുള്ളതിനാൽ ബഹിരാകാശ യാത്രികരുടെ ശരീരത്തിൽ രക്തത്തിന്റെ അളവും കുറയും. രക്തത്തിന്റെ ഒഴുക്കിലും മാറ്റങ്ങൾ ഉണ്ടാവും. ചില ഭാഗങ്ങളിൽ രക്തമൊഴുകുന്നതിന്റെ വേഗത കുറയും. ഇത് രക്തം കട്ട പിടിക്കുന്നതിന് കാരണമായേക്കാം. ദ്രാവകങ്ങളും എളുപ്പത്തിൽ താഴേക്ക് വരില്ല. ദ്രാവകങ്ങൾ കൂടിച്ചേരുന്നത് കൃഷ്ണമണിയുടെ രൂപത്തിൽ മാറ്റം വരുത്തുകയും കാഴ്ചശക്തി കുറയുന്നതിന് കാരണമാവുകയും ചെയ്യും.
ബഹിരാകാശത്ത് ചെലവഴിക്കുന്നതിലെ മറ്റൊരു അപകടകരമായ പ്രത്യാഘാതം റേഡിയേഷൻ എക്സ്പോഷർ ആണ്. ഭൂമിയുടെ അന്തരീക്ഷവും കാന്തികക്ഷേത്രവും മനുഷ്യരെ ഉയർന്ന തലങ്ങളിലുള്ള വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുമ്പോൾ, അത്തരം സംരക്ഷണം ബഹിരാകാശയാത്രികർക്കായി ലഭ്യമല്ല.
ബഹിരാകാശയാത്രികർക്ക് മൂന്ന് തരം വികിരണങ്ങളാണ് പ്രധാനമായും ഏൽക്കുന്നതെന്ന് നാസ പറയുന്നു. ഭൂമിയുടെ കാന്തികക്ഷേത്രത്തിൽ കുടുങ്ങിയ കണികകൾ, സൂര്യനിൽ നിന്നുള്ള സൗരോർജ്ജ കാന്തിക കണികകൾ, ഗാലക്സി കോസ്മിക് കിരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |