വാഷിംഗ്ടൺ: സ്‌പേസ് എക്‌സ് ക്രൂ- 10 മിഷൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.05ന് പേടകത്തിലെ യാത്രികരായ ആൻ മക്ലെയ്ൻ, നിക്കോൾ അയേഴ്സ്, ടക്കൂയ ഒനിഷി, കിറിൽ പെസ്‌കൊവ് എന്നിവർ നിലയത്തിൽ പ്രവേശിച്ചു. സുനിതയും വിൽമോറും അടക്കം നിലയത്തിലുള്ള ഏഴ് സഞ്ചാരികൾ ചേർന്ന് ഇവരെ സ്വീകരിച്ചു. കെട്ടിപ്പിടിച്ചു. സന്തോഷം പങ്കിട്ടു. ശനിയാഴ്ചയായിരുന്നു സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായ സ്‌പേസ് എക്‌സ് ക്രൂ- 10 മിഷന്റെ വിക്ഷേപണം. രാവിലെ 9.34നാണ് മിഷനിൽ ഉപയോഗിച്ചിരിക്കുന്ന ക്രൂ ഡ്രാഗൺ പേടകത്തെ നിലയവുമായി ബന്ധിപ്പിക്കാനായത്. 29 മണിക്കൂറോളമെടുത്തു നിലയത്തിലെത്താൻ.
ക്രൂ- 10 സഞ്ചാരികൾക്കുവേണ്ട നിർദ്ദേശങ്ങളും പരിശീലനവും നൽകിയ ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് സുനിതയും വിൽമോറും ഭൂമിയിലേക്ക് പുറപ്പെടുമെന്നാണ് റിപ്പോർട്ട്. നാസ സഞ്ചാരി നിക്ക് ഹേഗ്, റഷ്യയുടെ അലക്‌സാണ്ടർ ഗോർബുനോവ് എന്നിവരും ഒപ്പമുണ്ടാകും. സെപ്തംബർ മുതൽ നിലയത്തിൽ ഡോക്ക് ചെയ്തിട്ടുള്ള സ്‌പേസ് എക്‌സ് ക്രൂ- 9 പേടകത്തിലാണ് ഇവരുടെ മടക്കയാത്ര.
2024 ജൂണിൽ എട്ട് ദിവസത്തെ ദൗത്യത്തിനായി ബോയിംഗ് സ്റ്റാർലൈനർ പേടകത്തിലാണ് സുനിതയും വിൽമോറും നിലയത്തിലെത്തിയത്. പേടകത്തിലെ ഹീലിയം ചോർച്ച മൂലം മടക്കയാത്ര മുടങ്ങുകയും ഇരുവരുടെയും തിരിച്ചുവരവ് അനിശ്ചിതമായി നീളുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |