കോട്ടയം: വേനൽ ചൂടിൽ ടാപ്പിംഗ് നിലച്ചതോടെ റബർ വില മുകളിലേക്ക് നീങ്ങുന്നു. ഇടവേളയ്‌ക്ക് ശേഷം ബ്രോക്കർമാരുടെ ഇടപെടലാണ് വില ഉയർത്തിയത്. ഷീറ്റ് ലഭ്യത കുറഞ്ഞതോടെ വില ഉയർത്താൻ ടയർ കമ്പനികളും നിർബന്ധിതരായി. കിലോയ്ക്ക് 200 രൂപ ലഭിക്കുന്നതുവരെ ഷീറ്റ് ആരും വിൽക്കരുതെന്നാണ് റബർ കർഷക സംഘങ്ങൾ നിലപാട് സ്വീകരിച്ചത്..ഉത്പാദനം കുറഞ്ഞതും ഡിമാൻഡ് കൂടിയതും ആഭ്യന്തര വില വർദ്ധിപ്പിച്ചു. അന്താരാഷ്ട്ര വിലയിലെ അന്തരവും കുറഞ്ഞു. ബാങ്കോക്കിലെ വില 204 രൂപയാണ്.
ആർ.എസ്.എസ് റബർ ബോർഡ് വില 196 രൂപയിലെത്തി. അമേരിക്കയുടെ വ്യാപാര യുദ്ധത്തെ മറികടക്കാൻ ചൈന വിപണിയിൽ നിന്നു വിട്ടു നിന്നതോടെ അന്താരാഷ്ട്ര തലത്തിലും ഷീറ്റിന് ക്ഷാമമായി. തായ്‌ലൻഡ് അടക്കം റബർ ഉത്പാദക രാജ്യങ്ങളിലെല്ലാം ടാപ്പിംഗ് നിലച്ചതോടെ വില കുതിച്ചുയരുമെന്ന പ്രതീക്ഷയാണുള്ളത്.
കുരുമുളകിന് തലവര തെളിയുന്നു
കുംഭമേള കഴിഞ്ഞ് ഹോളിയും എത്തിയതോടെ ഉത്തരേന്ത്യൻ വിപണി സജീവമായി രണ്ടാഴ്ചക്കുള്ളിൽ കുരുമുളക് വില കിലോയ്‌ക്ക് 12 രൂപയാണ് കൂടിയത്. കേരളത്തിൽ വിളവെടുപ്പ് ആദ്യ ഘട്ടം പൂർത്തിയായപ്പോൾ വിചാരിച്ച വിളവ് ലഭിക്കാതിരുന്നതും വില ഉയർത്തി. കയറ്റുമതി, ഇറക്കുമതി നയത്തിലെ പഴുതുകൾ അടച്ച് സത്തു നിർമ്മാതാക്കൾ കുരുമുളക് ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും കനം കുറഞ്ഞ ഇറക്കുമതി മുളകിനോട് ഉത്തരേന്ത്യൻ വ്യാപാരികൾ താത്പര്യം കാട്ടുന്നില്ല. എരിവ് കൂടിയ ഹൈറേഞ്ച് കുരുമുളകിന് പ്രിയം കൂടിയതാണ് വില ഉയരാൻ കാരണം .അമേരിക്ക ചരക്ക് നികുതി വർദ്ധിപ്പിച്ചതോടെ ഇന്ത്യൻ കുരുമുളകിന്റെ കയറ്റുമതി വില കൂടുതലാണ്.
കയറ്റുമതി നിരക്ക്(ഒരു ടണ്ണിന് )
ഇന്ത്യ - 7950 ഡോളർ
ശ്രീലങ്ക -7300 ഡോളർ
ഇന്തോനേഷ്യ- 7900 ഡോളർ
ബ്രസീൽ -7300 ഡോളർ
വിയറ്റ്നാം - 7430 ഡോളർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |