ആഗോള അനിശ്ചിതത്വങ്ങൾ വെല്ലുവിളി
കൊച്ചി: ആഗോള വ്യാപാര യുദ്ധം ശക്തിയാർജിക്കുന്നതിനാൽ രാജ്യത്തെ ഓഹരി വിപണി കലുഷിതമായി തുടർന്നേക്കും. വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തിനൊപ്പം ആഭ്യന്തര നിക്ഷേപകരുടെ ആവേശം കുറയുന്നതും നടപ്പുവാരം വിപണിയിൽ വിൽപ്പന സമ്മർദ്ദം ഉയർത്തിയേക്കും. വിവിധ രാജ്യങ്ങളിലെ സഞ്ചാരികൾക്ക് ഡൊണാൾഡ് ട്രംപ് യാത്രാ വിലക്കേർപ്പെടുത്തിയതും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും യൂറോപ്പിനെതിരെയുള്ള താരീഫ് ഭീഷണിയും മുതൽ കേന്ദ്ര ബാങ്കുകളുടെ നയതീരുമാനങ്ങൾ വരെ വിപണിയുടെ നീക്കത്തെ ഈ വാരം സ്വാധീനിക്കും.
അമേരിക്കയിലെ ഫെഡറൽ റിസർവ് ഉൾപ്പെടെ വിവിധ കേന്ദ്ര ബാങ്കുകളുടെ ധന നയ യോഗങ്ങളാണ് പ്രധാനമായും നിക്ഷേപകർ കാത്തിരിക്കുന്നത്. അമേരിക്കയിൽ നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാൽ നടപ്പുവർഷം രണ്ട് തവണ പലിശ നിരക്ക് കുറയാൻ ഇടയുണ്ടെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ വാരം നിഫ്റ്റി 155 പോയിന്റും സെൻസെക്‌സ് 504 പോയിന്റും നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ഇന്ത്യയിൽ നാണയപ്പെരുപ്പം നിയന്ത്രണവിധേയമാകുന്നതും രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതും ഡോളർ സൂചിക താഴുന്നതും നിക്ഷേപകർക്ക് പ്രതീക്ഷ സൃഷ്‌ടിക്കുന്നു.
നിക്ഷേപകർ കാത്തിരിക്കുന്നത്
1. മാർച്ച് 19ന് നടക്കുന്ന ഫെഡറൽ റിസർവിന്റെ ധന അവലോകന സമിതി യോഗത്തിൽ പലിശ കുറയ്ക്കുന്നതിലെ നിലപാട് ഏറെ പ്രധാനമാണ്
2. ബാങ്ക് ഒഫ് ഇംഗ്ളണ്ട്, ബാങ്ക് ഒഫ് ജപ്പാൻ എന്നീ കേന്ദ്ര ബാങ്കുകളുടെ ധന അവലോകന യോഗവും ഈ വാരം നടക്കും
3. ഡൊണാൾഡ് ട്രംപിന്റെ തീരുവ വർദ്ധന നടപടികൾക്കെതിരെ മറ്റ് രാജ്യങ്ങൾ ശക്തമായ ബദൽ നീക്കങ്ങൾ സ്വീകരിക്കുന്നതും നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിക്കുന്നു
4. ആഭ്യന്തര വിപണിയിൽ നാണയപ്പെരുപ്പം താഴുന്നതും ക്രൂഡോയിൽ വിലയിലെ ഇടിവും കമ്പനികളുടെ ലാഭം മെച്ചപ്പെടുത്താൻ സഹായിച്ചേക്കും
വിദേശ പണമൊഴുക്ക് ശക്തം
സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് കഴിഞ്ഞ വാരം വിദേശ നിക്ഷേപകർ 5,729.7 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. ഇതോടെ മാർച്ചിൽ വിദേശ ഫണ്ടുകൾ പിൻവലിച്ച മൊത്തം തുക 21,231 കോടി രൂപയിലെത്തി. എന്നാൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ ആവേശത്തോടെയാണ് ഓഹരികൾ വാങ്ങി കൂട്ടുന്നത്.
ഫെബ്രുവരിയിൽ ആഭ്യന്തര ഫണ്ടുകളുടെ നിക്ഷേപം
26,450 കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |