അടിമാലി: പീച്ചാട് ടൗണിന് സമീപമുള്ള ഒട്ടയ്ക്കൽ ഷാജഹാന്റെ മലഞ്ചരക്ക് കടയിൽ മോഷണം നടത്തിയ രണ്ട് പേർ പൊലീസ് പിടിയിൽ. എളംബ്ലശ്ശേരി സ്വദേശി മുത്തു, ഉപ്പുതറ സ്വദേശി വിനീഷ് എന്നീ രണ്ട് പേരാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ ഇവർ കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 1,50,000 രൂപ വില വരുന്ന 50 കിലോ ഉണക്ക ഏലയ്ക്കയും 84,000 രൂപ വിലവരുന്ന 300 കിലോ ഉണക്ക കാപ്പിക്കുരുവും ഉൾപ്പെടെ 2,34,000 രൂപയുടെ ചരക്കാണ് മോഷ്ടിച്ചത്.
സുഹൃത്തുക്കളായ ഇവർ ഏലയ്ക്ക ഇരുമ്പുപാലത്തും കാപ്പിക്കുരു ആനച്ചാലിലുമായാണ് വിൽപ്പന നടത്തിയിരുന്നത്. സാധനങ്ങൾ കടത്താൻ ഉപയോഗിച്ച ജീപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുത്തുവിനെ മാമലക്കണ്ടത്ത് നിന്നും വിനീഷിനെ മൂന്നാറിൽ നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. എസ്.ഐ അബ്ദുൾഖനി, അസിസ്റ്റന്റ് എസ്.ഐ ഉമ്മർ പി.എം, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ രാജേഷ് കുമാർ, നിഷാദ് വി.എ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |