റായ്പൂര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേസ് ലീഗ് ട്വന്റി 20യില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നയിച്ച ഇന്ത്യ മാസ്റ്റേഴ്‌സിന് കിരീടം. കലാശപ്പോരില്‍ വെസ്റ്റിന്‍ഡീസ് മാസ്‌റ്റേഴ്‌സിനെ ആറ് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് നിശ്ചിത 20 ഓവറുകളില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 17.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ സംഘം വിജയലക്ഷ്യം മറികടന്നു.
വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 25(18), അമ്പാട്ടി റായുഡു 74(50) സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. 7.5 ഓവറില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് സഖ്യം പിരിഞ്ഞത്. ടീനോ ബെസ്റ്റിന്റെ പന്തില്‍ സച്ചിനാണ് ആദ്യം പുറത്തായത്. ഗുര്‍കിരാത് സിംഗ് മാന്‍ 14(12), യൂസഫ് പഠാന്‍ 0(3), അമ്പാട്ടി റായുഡു എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. യുവ്‌രാജ് സിംഗ് 13*(11), സ്റ്റുവര്‍ട്ട് ബിന്നി 16*(9) എന്നിവര്‍ പുറത്താകാതെ നിന്നു.
വിന്‍ഡീസ് സംഘത്തിന് വേണ്ടി ആഷ്‌ലി നഴ്‌സ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ടീനോ ബെസ്റ്റ്, സുലൈമാന്‍ ബെന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടിയ ലെന്‍ഡില്‍ സിമണ്‍സ് 57(41) ടോപ് സ്‌കോററായി. ഡ്വെയ്ന്‍ സ്മിത്ത് 45(35) റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ 6(6) നിരാശപ്പെടുത്തി. വിക്കറ്റ് കീപ്പര്‍ ദിനേഷ് രാംദിന്‍ 12*(17) ആണ് പിന്നീട് മൂന്നക്കം കടന്ന ഏക ബാറ്റര്‍. ഇന്ത്യക്ക് വേണ്ടി ആര്‍ വിനയ് കുമാര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷാഹ്ബാസ് നദീം രണ്ട് വിക്കറ്റുകളും പവന്‍ നേഗി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |