തിരുവനന്തപുരം: വസ്തുക്കളും സാധനങ്ങളും വിൽക്കാനും വാങ്ങാനും സഹായിക്കുന്ന ഓൺലൈൻ പ്ലാറ്റ്ഫോമായ ഒഎൽഎക്സിലൂടെ തൊഴിൽതട്ടിപ്പുമായി കുറ്റവാളികൾ. രാജ്യത്തെ മുന്തിയ കമ്പനികളിൽ പ്രതിമാസം 40,000 മുതൽ 70,000രൂപ വരെ ശമ്പളമുള്ള ജോലി ലഭിക്കുമെന്ന വാഗ്ദാനങ്ങളാണ് ഒഎൽഎക്സിലുള്ളത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. സൈബർ ഹെല്പ്ലൈൻനമ്പറിൽ വിവരമറിയിച്ചിട്ടും ഫലമില്ലെന്ന് യുവതി പറയുന്നു.
ഐ.ടി ജോലിക്ക് ശ്രമിക്കുന്ന കമ്പ്യൂട്ടർസയൻസ് ബിടെക്ക് ബിരുദധാരിയായ യുവതി ഒഎൽഎക്സിലൂടെ ഓട്ടോമോട്ടീവ് എംബെഡഡ് ജോലിക്ക് അവസരമുണ്ടെന്നറിയുന്നത്. ഒഎൽഎക്സിലൂടെ യുവതി ജോലിക്കുള്ള താത്പര്യമറിയിച്ചു. വലിയ കമ്പനികളുമായി ബന്ധമുള്ള കരിയർ കൺസൾട്ടന്റാണ് താനെന്ന് മറുവശത്തുള്ള ആൾ പരിചയപ്പെടുത്തി. പേരും വിദ്യാഭ്യാസയോഗ്യതകളും ചോദിച്ചറിഞ്ഞു. വാട്ട്സാപ്പിലൂടെ റെസ്യൂമെ അയച്ചുകൊടുത്തു. തുടർന്ന് ഇയാൾക്ക് ബന്ധമുള്ള കമ്പനികളുടെ പേരും മെയിലിലൂടെ നൽകി. പ്രമുഖ ഓട്ടോമോട്ടീവ് കമ്പനിയിൽ ഒഴിവുണ്ടെന്നും ലഭിക്കാൻ ഒരു സർട്ടിഫിക്കേഷൻ കോഴ്സ് ചെയ്യണമെന്നും നിർദ്ദേശിച്ചു.
പഠനസാമഗ്രികൾ ഉൾപ്പെടെയുള്ള ഓൺലൈൻ ക്ലാസിന് 12,000രൂപയും ഓഫ്‌ലൈൻ ക്ലാസുകൾക്ക് 15,000 രൂപയുമാണ് തുക. കോഴ്സ് ഡോക്യുമെന്റും സർട്ടിഫിക്കറ്റും ലഭിക്കാൻ 5,000രൂപ ആദ്യമേ അടയ്ക്കണം. 5,000രൂപ അടച്ചതിന്റെ സ്ക്രീൻഷോട്ട് വാട്ട്സാപ്പ് വഴി അയച്ചപ്പോൾ കോഴ്സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ്,കോഴ്സ് ചെയ്യാതെ യുവതിക്ക് നൽകി. മൂന്നുദിവസത്തിനകം കമ്പനിയുടെ അഭിമുഖം സൂംമീറ്റിംഗിലൂടെ ഒരുക്കുമെന്ന് പറഞ്ഞു. തമിഴ് കലർന്ന ഇംഗ്ളീഷിലായിരുന്നു അഭിമുഖം.സർട്ടിഫിക്കറ്റ് ലഭിച്ചതിലടക്കം സംശയമുണ്ടായ യുവതി അഭിമുഖം നടക്കുന്ന കമ്പനിയുടെ മെയിൽഐഡിയിലേയ്ക്ക് അന്വേഷണം നടത്തിയപ്പോഴാണ് ഇങ്ങനെയൊരു അഭിമുഖം നടത്തിയിട്ടില്ലെന്നു കമ്പനി വെളിപ്പെടുത്തുന്നത്.ജോലി ലഭിക്കാൻ പാൻകാർഡ്,ആധാർ-കാർഡ്,യു.ഐ.എൻ നമ്പർ തുടങ്ങിയ വിവരങ്ങളും തട്ടിപ്പുകാരൻ ആവശ്യപ്പെട്ടിരുന്നു.
സേവനം ലഭ്യമാകുന്നില്ല
പരാതികൾ സ്വീകരിക്കുന്ന സൈബർ പൊലീസിന്റെ 1930നമ്പറുമായി യുവതി ബന്ധപ്പെട്ടിരുന്നു. വിവരങ്ങൾ നൽകാൻ ഒരു ലിങ്ക് ഫോണിലേയ്ക്ക് അയക്കുമെന്ന് അവർ പറഞ്ഞെങ്കിലും ലിങ്ക് ലഭിച്ചില്ലെന്ന് യുവതി പറയുന്നു.പിന്നീട് വിളിച്ചിട്ടും കിട്ടിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |