തിരുവനന്തപുരം: അന്താരാഷ്‌ട്ര ബാസ്ക്കറ്റ്ബോൾ സംഘടനയായ ഫിബയുടെ ലെവൽ 1 കോച്ചിംഗ് സർട്ടിഫിക്കേഷൻ വിജയകരമായി പൂർത്തിയാക്കി ഇന്ത്യൻ ഇതിഹാസ താരം ഗീതു അന്ന രാഹുൽ. ഗീതുവിനൊപ്പം സ്‌മൃതി രാധാകൃഷ്‌ണനും വിപിൻ കണ്ണനും ലെവൽ 1 കോച്ചിംഗ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി കോച്ചിംഗ് രംഗത്തേക്ക് കടക്കാനൊരുങ്ങുകയാണ്. ഗീതുവിനൊപ്പം സതേൺ റെയിൽവേയിലാണ് സ്‌മൃതി. സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിനു വേണ്ടി ചങ്ങനാശേരി എസ്.ബി കോളേജിൽ ജോലി ചെയ്യുകയാണ് വിപിൻ. ഗോവയിൽ ഫെബ്രുവരി 11 മുതൽ 16വരെ നടന്ന കോഴ്‌സിലാണ് ഇവർ പങ്കെടുത്തത്.
പുതിയ യാത്രയ്ക്ക് ഗീതു
ബാസ്‌ക്കറ്റ് ബോളിൽ താരമന്ന നിലയിൽ നിരവധി നേട്ടങ്ങൾ കൊയ്ത ഗീതു കോച്ചിന്റെ കുപ്പായത്തിലും തിളങ്ങാമെന്ന പ്രതീക്ഷയിലാണ്.കോച്ചിംഗിൽ ലെവൽ 2,3 എന്നിവയെല്ലാം നേടി മികച്ച കോച്ചാകാനുള്ള ഒരുക്കത്തിലാണ് 39കാരിയായ ഗീതു. ഇന്ത്യൻ ടീമിനേയൊ വിദേശ ടീമുകളേയൊ പരിശീലിപ്പിക്കുകയെന്നതാണ് ലക്ഷ്യം.
വിദേശ ബാസ്‌ക്കറ്റ് ബോൾ ലീഗുകളിൽ കളിച്ചിട്ടുള്ള ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഗീതു.ഫിബ ഏഷ്യ ചാമ്പ്യൻഷിപ്പിൽ ടോപ്പ് സ്കോററായി. ഓസ്‌ട്രേലിയൻ ലീഗിൽ മൂന്ന് സീസണുകൾ കളിച്ചു. തായ്‌ലാൻഡ് ലീഗിലും പങ്കെടുത്തു. ഒരു ദശാബ്ദത്തിലേറെ ഇന്ത്യയെ പ്രതിനിധീകരിച്ചു. റെയിൽവേയ്ക്കായും നിരവധി ടൂർണമെന്റുകളിൽ തിളങ്ങി. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗ് ആയ എന്‍.ബി.എ.യുടെ വനിതാ വിഭാഗത്തില്‍ (ഡബ്ല്യു.എന്‍.ബി.എ) കളിക്കാന്‍ ഗീതു ട്രയല്‍സില്‍ പങ്കെടുത്തിട്ടുള്ള ഗീതുവിന് നിർഭാഗ്യം കൊണ്ടാണ് അവസരം ലഭിക്കാതിരുന്നത്. സാന്‍ അന്റോണിയോ സില്‍വര്‍ സ്റ്റാര്‍സ്, ലോസാഞ്ചലസ് സ്പാര്‍ക്‌സ്, ഷിക്കാഗോ സ്കൈസ് ടീമുകളുടെ ട്രയൽസില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ക്ലബുകള്‍ കളിക്കാരുടെ എണ്ണം കുറച്ചതോടെ ഗീതുവിന് അവസരം നഷ്ടമാവുകയായിരുന്നു. ചങ്ങനാശേരി സ്വദേശിയായ ഗീതു 2004ലാണ് ഇന്ത്യൻ ടീമിലെത്തിയത്. രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |