ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ വീണ്ടും സൈന്യത്തെ ആക്രമിച്ച് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി.എൽ.എ). ഇന്നലെ നോഷ്‌കിയിലെ ആർ.സി.ഡി ഹൈവേയിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസിലേക്ക് ബി.എൽ.എ അംഗങ്ങൾ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു. 90ലേറെ പാക് സൈനികർ കൊല്ലപ്പെട്ടെന്ന് ബി.എൽ.എ പറയുന്നു. എന്നാൽ അഞ്ച് പേരാണ് കൊല്ലപ്പെട്ടതെന്നും 10 പേർക്ക് പരിക്കേറ്റെന്നുമാണ് പാക് സൈന്യം അറിയിച്ചത്.
സൈനിക സംഘത്തിൽ എട്ട് ബസുകൾ ഉണ്ടായിരുന്നെന്നും ഒരെണ്ണം സ്ഫോടനത്തിൽ പൂർണമായും കത്തിനശിച്ചെന്നും ബി.എൽ.എ അവകാശപ്പെട്ടു. സ്ഫോടനത്തിന് പിന്നാലെ മറ്റ് ബസുകളിൽ പ്രവേശിച്ച് ശേഷിച്ച സൈനികരെയും വധിച്ചെന്നും ബി.എൽ.എ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും നൽകി. എന്നാൽ ബി.എൽ.എയുടെ വാദം സൈന്യം തള്ളി.
സ്വതന്ത്ര ബലൂചിസ്ഥാൻ രാഷ്ട്രത്തിനുവേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളിൽ പ്രബലരാണ് ബി.എൽ.എ. പാക് സൈന്യത്തെയും ബലൂചിസ്ഥാന് പുറത്തുള്ളവരെയുമാണ് ഇവർ പ്രധാനമായും ആക്രമിക്കുന്നത്.
ബന്ദികളെ
വധിച്ചെന്നും വാദം
കഴിഞ്ഞ ചൊവ്വാഴ്ച തങ്ങൾ തട്ടിയെടുത്ത ട്രെയിനിലെ ബന്ദിയാക്കപ്പെട്ട 214 സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്നും ബി.എൽ.എ അവകാശപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ ബലൂച് രാഷ്ട്രീയത്തടവുകാരെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന ആവശ്യം സൈന്യം അംഗീകരിക്കാത്തതാണ് കാരണമെന്നും പറഞ്ഞു.
എന്നാൽ, 30 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനിടെ സൈനികർ അടക്കം 31 പേരാണ് കൊല്ലപ്പെ ട്ടതെന്നും 354 ബന്ദികളെ മോചിപ്പിച്ചെന്നും സൈന്യം അറിയിച്ചിരുന്നു. 33 പ്രക്ഷോഭകാരികളെ വധിച്ചെന്നും പറഞ്ഞു. ബലൂചിസ്ഥാനിലെ ക്വെറ്റയിൽ നിന്ന് ഖൈബർ പഖ്തൂൻഖ്വയിലെ പെഷവാറിലേക്ക് പോയ ജാഫർ എക്‌സ്‌പ്രസാണ് ബി.എൽ.എ തട്ടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |