വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി.ഇന്ന് തെളിവെടുപ്പിനായി പേരുമലയിൽ അഫാൻ താമസിച്ചിരുന്ന സൽമാസിൽ എത്തിക്കും.അനുജൻ അഹ്സൻ,പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയത് ഈ വീട്ടിൽ വച്ചാണ്.ഈ കേസിലെ തെളിവെടുപ്പാണ് വെഞ്ഞാറമൂട് പൊലീസിന്റെ നേതൃത്വത്തിൽ നടക്കുന്നത്.
മറ്റു മൂന്നുപേരെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസ്,കിളിമാനൂർ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.
അതേസമയം മാതാവ് ഷെമി ആദ്യം നൽകിയ മൊഴികളിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്ന് പൊലീസ് പറയുന്നു. വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആർ.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തിൽ ഷെമിയെ പാർപ്പിച്ചിരിക്കുന്ന പ്രത്യേക സംരക്ഷണ കേന്ദ്രത്തിലെത്തി സംസാരിച്ചിരുന്നു.
എങ്ങനെയാണ് പരിക്കേറ്റതെന്ന ചോദ്യത്തിന് കട്ടിലിൽ നിന്ന് വീണു എന്ന മറുപടിയാണ് ഇപ്പോഴും ആവർത്തിക്കുന്നത്. കട്ടിലിൽ നിന്ന് വീണാൽ ഇത്രയും വലിയ പരിക്ക് ഏൽക്കില്ലല്ലോ എന്ന ചോദ്യത്തിന്, ആദ്യം വീണതിനുശേഷം എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വീണുവെന്ന മറുപടിയാണ് നൽകിയത്.സംഭവ ദിവസം രാവിലെ നടന്ന കാര്യങ്ങൾ ഓർക്കുന്നുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന പ്രവണതയാണ് ഷെമി കാട്ടിയത്.
അഫാനെ കാണാൻ ബന്ധുക്കളോട് താല്പര്യം കാട്ടിയ ഷെമി പൊലീസിനോടും അഫാനെ കുറിച്ച് ചോദിച്ചു. കടബാദ്ധ്യതയുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറിയിലെ വസ്തുതകൾ തേടിയാണ് പൊലീസ് ഷെമിയെ കണ്ടത്. എന്നാൽ ആരോഗ്യനില ഇനിയും മെച്ചപ്പെടാത്തതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |