ചെറുകിട നിക്ഷേപകർക്ക് കോടികൾ നഷ്‌ടമായി
കൊച്ചി: ഇൻഡസ് ഇൻഡ് ബാങ്കിലെ അക്കൗണ്ട് തിരിമറിയ്ക്കിടെ ഓഹരി വിപണിയിൽ മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളും ബാങ്കിലെ ഉയർന്ന മാനേജ്‌മെന്റ് അംഗങ്ങളും ഒത്തുകളിച്ച് ചെറുകിട നിക്ഷേപകർക്ക് ആയിരക്കണക്കിന് കോടി നഷ്‌ടമുണ്ടാക്കി. കഴിഞ്ഞ വർഷം ഏപ്രിലിൽ കണക്കുകളിലെ പൊരുത്തക്കേടുകൾ സംശയിച്ച് റിസർവ് ബാങ്ക് അക്കൗണ്ടിലെ പാളിച്ച കണ്ടെത്താൻ നിർദേശിച്ചെങ്കിലും ഇക്കാര്യം ഓഹരി വിപണിയിൽ നിന്ന് മറച്ചുവച്ചതാണ് ചെറുകിട നിക്ഷേപകർക്ക് ബാദ്ധ്യത സൃഷ്‌ടിച്ചത്. റിസർവ് ബാങ്ക് ഇടപെടലിന് പിന്നാലെ ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥരും വിദേശ ധന സ്ഥാപനങ്ങളും തിടുക്കത്തിൽ ബാങ്കിന്റെ ഓഹരികൾ വിറ്റഴിച്ചെങ്കിലും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ യാതൊരു പരിശോധനയുമില്ലാതെ അവ വാങ്ങികൂട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടെ ആഭ്യന്തര ഫണ്ടുകളുടെ ബാങ്കിലെ ഓഹരി പങ്കാളിത്തം 26.69 ശതമാനത്തിൽ നിന്ന് 42.82 ശതമാനമായാണ് ഉയർന്നത്. വിദേശ ഫണ്ടുകളും ബാങ്കിന്റെ ഉന്നതോദ്യോഗസ്ഥരും ഓഹരികൾ വിറ്റൊഴിയുമ്പോഴും ആഭ്യന്തര ഫണ്ടുകൾ ചെറുകിട നിക്ഷേപകരുടെ പണമുപയോഗിച്ച് ബാങ്കിന്റെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്.
ഓഹരി ഇടപാടുകൾ സെബി അന്വേഷിക്കുന്നു
അക്കൗണ്ടിലെ പാളിച്ച മൂലം അറ്റ ആസ്തിയിൽ 2.5 ശതമാനം വ്യത്യാസമുണ്ടാകുമെന്ന് കഴിഞ്ഞ വർഷം സെപ്തംബറിൽ വ്യക്തമായിട്ടും ഇക്കാര്യം ഓഹരി എക്‌സ്‌ചേഞ്ചിനെ അറിയിക്കാതിരുന്ന സാഹചര്യം വ്യക്തമാക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) ഇൻഡസ് ഇൻഡ് ബാങ്കിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ബാങ്കിന്റെ സി.ഇ.ഒ അടക്കമുള്ള ഉദ്യോഗസ്ഥർ കൈവശമുള്ള ഓഹരികൾ വിറ്റഴിച്ചത് ഇൻസൈഡർ വ്യാപാരത്തിന്റെ പരിധിയിൽ വരുമെന്നാണ് വിലയിരുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |