രാജ്യാന്തര വില മൂവായിരം ഡോളറിനടുത്ത് തുടരുന്നു
കൊച്ചി: ആഗോള വ്യാപാര മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടെയിലും സ്വർണ വിപണി തളരുന്നില്ല. വ്യാപാര യുദ്ധം കൊടുമ്പിരി കൊണ്ടതോടെ നിക്ഷേപകർ സുരക്ഷിതത്വം തേടി സ്വർണം വാങ്ങികൂട്ടുന്നതാണ് വിലയിൽ കുതിപ്പ് സൃഷ്‌ടിക്കുന്നത്. കഴിഞ്ഞ ദിവസം ഔൺസിന് മൂവായിരം ഡോളർ കടന്ന രാജ്യാന്തര സ്വർണ വില പിന്നീട് നേരിയ തോതിൽ താഴേക്ക് നീങ്ങി. ഇതോടെ കേരളത്തിൽ സ്വർണ വില പവന് 80 രൂപ കുറഞ്ഞ് 65,680 രൂപയിലെത്തി. നിലവിൽ സ്വർണ വില ഔൺസിന് 2,980 ഡോളറിന് മുകളിലാണ്.
മാർച്ച് മാസത്തിൽ ഇതുവരെ സ്വർണം പവന് 1,500 രൂപയാണ് കൂടിയത്. അമേരിക്കയിലെ നാണയപ്പെരുപ്പം നേരിയ തോതിൽ കുറഞ്ഞതോടെ ഈ വർഷം മുഖ്യ പലിശ നിരക്ക് രണ്ട് തവണ കുറച്ചേക്കുമെന്ന വിലയിരുത്തലാണ് പൊടുന്നനെ സ്വർണ വിലയിൽ കുതിപ്പുണ്ടാക്കിയത്.
ആഭ്യന്തര വിപണിയിൽ സ്വർണ വിൽപ്പന കുറയുകയാണെന്ന് ജുവലറി ഉടമകൾ പറയുന്നു. സാമ്പത്തിക രംഗത്തെ തളർച്ചയും ഓഹരി ഉൾപ്പെടെയുള്ള നിക്ഷേപ മേഖലകളിലെ അനിശ്ചിതത്വവും വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് അവർ പറയുന്നു. നിലവിൽ ഒരു പവൻ സ്വർണ വാങ്ങുന്നതിന് ജി.എസ്.ടിയും സെസും പണിക്കൂലിയുമടക്കം 70,000 രൂപയിലധികമാകും.
1. വ്യാപാര യുദ്ധം ശക്തമാകുന്നതിനാൽ സ്വർണത്തിലേക്ക് നിക്ഷേപം ഒഴുകുന്നു
2. കേന്ദ്ര ബാങ്കുകൾ വിദേശ നാണയ ശേഖരത്തിൽ സ്വർണ ശേഖരം കൂട്ടുന്നു
3. രൂപയുടെ റെക്കാഡ് മൂല്യത്തകർച്ച മൂലം ഇറക്കുമതി ചെലവ് കൂടുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |