ഐ.പി.എൽ 18-ാം സീസണിന് മാർച്ച് 22ന് തുടക്കം
ചാമ്പ്യൻസ് ട്രോഫി നേട്ടത്തിന്റെ ആഘോഷങ്ങളിൽ നിന്ന് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ ആവേശരാവുകളിലേക്കാണ് ഇനി ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഒഴുക്ക്. ഐ.പി.എല്ലിന്റെ 18-ാം സീസണിന് മാർച്ച് 22ന് കൊൽക്കത്തയിലെ വിഖ്യാതമായ ഈഡൻ ഗാർഡൻസ് മൈതാനത്താണ് തുടക്കമാകുന്നത്. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സും ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത റോയൽ ചലഞ്ചേഴ്സ് ബംഗളുരുവുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. 10 ടീമുകളാണ് ഇക്കുറിയും ലീഗിൽ മാറ്റുരയ്ക്കുന്നത്. പ്രാഥമിക റൗണ്ടിൽ ഒരു ടീമിന് 14 മത്സരങ്ങൾ വരുന്ന രീതിയിലാണ് ടൂർണമെന്റ് ഫിക്സ്ചർ ക്രമീകരിച്ചിരിക്കുന്നത്. 70 മത്സരങ്ങളാണ് പ്രാഥമിക റൗണ്ടിൽ ഉണ്ടാവുക. മേയ് 18ന് പ്രാഥമിക മത്സരങ്ങൾ അവസാനിക്കും. മേയ് 20ന് ആദ്യ ക്വാളിഫയറും 21ന് എലിമിനേറ്ററും 23ന് രണ്ടാം ക്വാളിഫയറും നടക്കും. മേയ് 25 ഞായറാഴ്ചയാണ് ഫൈനൽ.
ഡുപ്ളെസി ഡൽഹി
വൈസ് ക്യാപ്ടൻ
ഡൽഹി ക്യാപ്പിറ്റൽസിന്റെ ഈ സീസണിലെ ഉപനായകനായി മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ളെസിയെ നിയമിച്ചു. ഇന്ത്യൻ ആൾറൗണ്ടർ അക്ഷർ പട്ടേലാണ് ഡൽഹി ക്യാപ്ടൻ. കഴിഞ്ഞ സീസൺ വരെ ആർ.സി.ബിയിൽ കളിച്ച ഡുപ്ളെസിയെ താരലേലത്തിൽ രണ്ട് കോടി രൂപയ്ക്കാണ് ഡൽഹി സ്വന്തമാക്കിയത്.2022 മുതൽ 24വരെ ആർ.സിബിയുടെ നായകനായിരുന്നു ഡുപ്ളെസി. 2016 മുതൽ ഐ.സി.എല്ലിൽ കളിക്കുന്ന ഡുപ്ളെസി 145 മത്സരങ്ങളിൽ നിന്ന് 4571 റൺസ് നേടിയിട്ടുണ്ട്.
ഹേമാംഗ് ബദാനിയാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ മുഖ്യ പരിശീലകൻ. ബൗളിംഗ് കോച്ചായി മുനാഫ് പട്ടേലും അസിസ്റ്റന്റ് കോച്ചായി മാത്യു മോട്ടും ഡയറക്ടർ ഒഫ് ക്രിക്കറ്റായി വേണുഗോപാൽ റാവുവുമുണ്ട്. കെവിൻ പീറ്റേഴ്സണാണ് ടീം മെന്റർ.
മാർച്ച് 24ന് വിശാഖപട്ടണത്ത് ലക്നൗ സൂപ്പർ ജയന്റുമായാണ് ആദ്യ മത്സരം.
ശാർദൂൽ ലക്നൗവിൽ
താരലേലത്തിൽ ആരും വാങ്ങാതിരുന്ന ഇന്ത്യൻ പേസ് ഓൾറൗണ്ടർ ശാർദൂൽ താക്കൂർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമിലേക്ക്. ലഖ്‌നൗ പേസർമാരായ മായാങ്ക് അഗർവാൾ, മൊഹ്‌സിൻ ഖാൻ, ആവേശ് ഖാൻ തുടങ്ങിയവർ പരിക്ക് ഭീഷണിയിൽ ആയതോടെയാണ് ശാർദൂലിനെ ടീമിൽ ഉൾപ്പെടുത്തിയത്. ചെന്നൈ സൂപ്പർകിംഗ്സ്, ഡൽഹി ക്യാപ്പിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളിൽ കളിച്ചിട്ടുള്ള താരമാണ് ശാർദൂൽ.
ആർ.സി.ബി
അവതരിച്ചു
പുതിയ സീസണിലേക്കുള്ള ടീമിനെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് റോയൽ ചഞ്ചലേഴ്സ് ബെംഗളുരു.ആർ.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന അൺബോക്സിംഗ് ആർ.സി.ബി എന്ന ചടങ്ങിന് സാക്ഷിയാകാൻ ആയിരക്കണക്കിന് ആരാധകരാണ് എത്തിയത്. നായകൻ രജത് പാട്ടീദാർ, മുൻ നായകൻ വിരാട് കൊഹ്‌ലി തുടങ്ങിയ താരങ്ങൾ ആരാധകർക്ക് ആവേശം പകർന്നു.
ഇതുവരെ ഐ.പി.എൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലാത്ത ടീമുകളിലൊന്നാണ് ആർ.സി.ബി. സിംബാബ്‌വെക്കാരൻ ആൻഡി ഫ്ളവറാണ് മുഖ്യ പരിശീലകൻ.ബാറ്റിംഗ് കോച്ചും മെന്ററുമായി മുൻ താരം ദിനേഷ് കാർത്തിക് ഒപ്പമുണ്ട്.
നടരാജൻ വരുന്നു
ഏഴുസീസണുകളിൽ സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കളിച്ച പേസർ ടി.നടരാജൻ ഇക്കുറി ഡൽഹി ക്യാപ്പിറ്റൽസിന്റെ കുപ്പായത്തിലിറങ്ങും. കഴിഞ്ഞ ആഗസ്റ്റിൽ തമിഴ്നാട് പ്രിമിയർ ലീഗിൽ കളിക്കവേ പരിക്കേറ്റിരുന്ന നടരാജന്റെ തിരിച്ചുവരവ് കൂടിയാണിത്. 2017ൽ പഞ്ചാബ് കിംഗ്സിലൂടെയാണ് തമിഴ്നാട്ടുകാരനായ നടരാജൻ ഐ.പി.എല്ലിലെത്തുന്നത്. ആറുകളികളിൽ പഞ്ചാബിന്റെ കുപ്പായമണിഞ്ഞു. 2018ലാണ് സൺറൈസേഴ്സിലെത്തുന്നത്. 2020 സീസണിലാണ് സൺറൈസേഴ്സിനായി ആദ്യ മത്സരം കളിക്കുന്നത്. ഐ.പി.എല്ലിൽ ആകെ 61 മത്സരങ്ങൾ കളിച്ച നടരാജൻ 67 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |