കൊല്ലം: കോളേജ് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ഉളിയക്കോവിൽ വിളപ്പുറം മാതൃകാനഗർ 162 ഫ്ലോറി ഡെയിലിൽ ഫെബിൻ ജോർജ് ഗോമസാണ് (21) കൊല്ലപ്പെട്ടത്.
നീണ്ടകര പുത്തൻതുറ തെക്കേടത്ത് വീട്ടിൽ തേജസ് രാജുവാണ് (22) ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.
കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായിരുന്നു ഫെബിൻ. കൊല്ലം ഡി.സി.ആർ.ബിയിലെ ഗ്രേഡ് എസ്.ഐ രാജുവിന്റെ മകനാണ് തേജസ് രാജു.
ഫെബിന്റെ സഹോദരിയെ വിവാഹംചെയ്തു കൊടുക്കാത്തതിലുള്ള രോഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 6.45 ഓടെയായിരുന്നു സംഭവം. വെള്ള വാഗൺ ആർ കാറിൽ ഫെബിന്റെ വീടിന് സമീപമെത്തിയ തേജസ് രാജു അല്പനേരം കാത്തുനിന്നശേഷം മടങ്ങിപ്പോയി. 6.45 ഓടെ പർദ്ദ ധരിച്ച് ഫെബിന്റെ വീട്ടിലെത്തി ബെൽ മുഴക്കി. വാതിൽ തുറന്ന ഫെബിനുമായി പിടിവലിയായി. കൈയിൽ കരുതിയിരുന്ന പെട്രോൾ മുറിയിലേക്ക് ഒഴിച്ചു. കത്തികൊണ്ട് ഫെബിന്റെ നെഞ്ചിൽ രണ്ടിടത്ത് കുത്തി. തടയാൻ ശ്രമിച്ച ഫെബിന്റെ അച്ഛൻ ജോർജ് ഗോമസിന്റെ കൈയിലും കുത്തേറ്റു. പുറത്തേക്ക് ഓടിയ ഫെബിൻ 20 മീറ്റർ അകലെ റോഡിൽ കുഴഞ്ഞു വീണു. കാറിൽ രക്ഷപ്പെട്ട തേജസ് കടപ്പാക്കടയ്ക്കടുത്ത് ചെമ്മാംമുക്ക് ആർ.ഒ.ബിക്ക് താഴെയെത്തി 7.30 ഓടെ ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
നാട്ടുകാർ ഫെബിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കരളിനേറ്റ മുറിവാണ് മരണകാരണം. ട്രെയിനിടിച്ച് തെറിച്ചുവീണ തേജസിന്റെ ശരീരം ചിന്നിച്ചിതറി. രണ്ടു മൃതദേഹങ്ങളും ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഡെയ്സിയാണ് ഫെബിന്റെ മാതാവ്. ഫ്ലോറി സഹോദരി. ബിജിലയാണ് തേജസിന്റെ മാതാവ്. സഹോദരൻ ശ്രേയസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |