തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മേഖലകളിൽ സമഗ്ര സംഭാവന നൽകിയവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ കേരള പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് പുരസ്ക്കാരങ്ങൾ സമ്മാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു പുരസ്‌കാര വിതരണം.
സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള കേരള ജ്യോതി പുരസ്ക്കാരം പ്രൊ എം.കെ.സാനുവിന് വേണ്ടി ചെറുമകൻ അനിത് കൃഷ്ണനാണ് ഏറ്റുവാങ്ങിയത്.
കേരളപ്രഭ പുരസ്ക്കാരം സയൻസ് ,എൻജിനീയറിംഗ് മേഖലയിലെ മികവിന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. എസ്.സോമനാഥ്, കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് ജൈവ കർഷകയായ ഭുവനേശ്വരി എന്നിവർ ഏറ്റുവാങ്ങി.കലാ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് കലാമണ്ഡലം വിമലാ മേനോൻ , ആരോഗ്യ മേഖലയിലെ സമഗ്ര സംഭവനയ്‌ക്ക് ഹൃദോഗ വിദഗ്ധൻ ഡോ.ടി.കെ.ജയകുമാർ, 40 വർഷമായി കാലിഗ്രഫി രംഗത്ത് സംഭാവന നൽകുന്ന നാരായണ ഭട്ടതിരി, സാമൂഹിക സേവന മേഖലയിൽ ആശാവർക്കറായ ഷൈജ ബേബി, വ്യവസായം -വാണിജ്യം മേഖലയിലെ മികവിന് ഐ.ബി.എസ് സോഫ്ട് വെയർ സ്ഥാപകൻ വി.കെ.മാത്യൂസ് എന്നിവർക്ക് കേരളശ്രീ പുരസ്‌കാരം സമ്മാനിച്ചു. കായിക മേഖലയിലെ പ്രകടനത്തിനുള്ള കേരളശ്രീ പുരസ്‌കാരം ക്രിക്കറ്റ് താരം സഞ്ജു സാംസണിനു വേണ്ടി പത്‌നി ചാരുലത ഗവർണറിൽ നിന്ന് ഏറ്റു വാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |