ആലപ്പുഴ : ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണനെ പുലിവാല് പിടിപ്പിച്ച ഗാനമാണ് 'തെമ്മാടി വേലപ്പനിലെ ' 'ത്രിശങ്കു സ്വർഗത്തെ തമ്പുരാട്ടി... '. അടിയന്തരാവസ്ഥ കാലത്തായിരുന്നു എസ്.എൽ.പുരം സദാനന്ദൻ കഥയും തിരക്കഥയും രചിച്ച് ജി.പി. ബാലൻ നിർമ്മിച്ച് ഹരിഹരൻ സംവിധാനം ചെയ്ത തെമ്മാടി വേലപ്പന്റെ റിലീസ്.
പ്രേംനസീറും ജയഭാരതിയുമായിരുന്നു പ്രധാന താരങ്ങൾ. പണക്കാരനായ മുതലാളിയുടെ മകളെ കളിയാക്കുന്നതിനായി നായകൻ പാടേണ്ട പാട്ടെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് 'ത്രിശങ്കു സ്വർഗത്തെ തമ്പുരാട്ടി, ത്രിശൂലം ഇല്ലാത്ത തമ്പുരാട്ടി" എന്ന് മങ്കൊമ്പ് പാട്ടെഴുതിയത്. അന്നത്തെ പ്രധാനമന്ത്റിയായിരുന്ന ഇന്ദിരാഗാന്ധിയെ കളിയാക്കിയാണ് ഗാനം രചിച്ചതെന്ന് ആരൊക്കെയോ പറഞ്ഞുനടന്നു.
ഇന്ദിരയെ കരിതേച്ചു കാണിക്കാൻ കരുതിക്കൂട്ടി എഴുതിയ ഗാനമാണെന്നു ചിത്രീകരിക്കാൻ വരെ നീക്കമുണ്ടായി. 'മുടിചൂടാ മന്നന്റെ പ്രിയസന്തതി, മൂളിയലങ്കാരിയുടെ വക്രബുദ്ധി, എള്ളുകൊറിച്ചാൽ എള്ളോളം പെണ്ണൊരുമ്പെട്ടാൽ പെണ്ണോളം" എന്നൊക്കെയുണ്ട് പാട്ടിൽ. അതൊക്കെ വേറൊരു തരത്തിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. പല കോളേജുകളിലും വിദ്യാർത്ഥികൾ പാട്ടുപാടി ഇന്ദിര ഗാന്ധിയുടെ കോലം കത്തിച്ചു.
ആലപ്പുഴ എസ്.ഡി കോളേജിൽ വിദ്യാർത്ഥിനിയായിരുന്ന സഹോദരി ഒരു ദിവസം ക്ലാസ് വിട്ടുവന്ന് പറഞ്ഞപ്പോഴാണ് കാര്യങ്ങൾ കൈവിട്ടുപോകാൻ ഇടയുണ്ടെന്ന് മങ്കൊമ്പിന് തോന്നിയത്. ഈ പാട്ടിന്റെ പേരിൽ രണ്ടു സംഘടനകൾ തമ്മിൽ സംഘട്ടനം വരെ ഉണ്ടായി. അടിയന്തരാവസ്ഥക്കാലമായതിനാൽ ചോദ്യവും പറച്ചിലുമൊന്നുമുണ്ടാകാതെ ഇരുമ്പഴിക്കുള്ളിലാകുമെന്ന് ഭയന്ന മങ്കൊമ്പ് തന്ത്രപരമായി തലയൂരി. കോടതികളിൽ നിന്നുപോലും ജാമ്യം ലഭിക്കാനിടയില്ലാത്ത വിഷയത്തിൽ തൂലികയും ഗാനരചനയിലുള്ള അസാധാരണ വൈഭവവും മങ്കൊമ്പിനെ തുണച്ചു. ഹരിഹരൻ സംവിധാനം ചെയ്ത് 1977ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ 'സംഗമ" ത്തിൽ,
ദാരിദ്ര്യം തുടച്ചുനീക്കാനും ദരിദ്രജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള ഇന്ദിരാഗാന്ധിയുടെ 20 പോയിന്റ് പദ്ധതിയെ പുകഴ്ത്തി ഒരു ഗാനം എഴുതിയാലോ എന്ന ചിന്തയുണ്ടായി. അങ്ങനെ സംഗമം സിനിമയ്ക്കായി 'ട്വന്റി പോയിന്റ് " പദ്ധതിയെ പുകഴ്ത്തി മങ്കൊമ്പ് ഗാനം രചിച്ചു.
നിർമ്മാതാവ് പി.വി.ഗംഗാധരൻ ഈ ഗാനം ഹിന്ദിയിലേക്ക് തർജ്ജമ ചെയ്ത് ഇന്ദിരാഗാന്ധിക്ക് അയച്ചുകൊടുത്തു. ഇതോടെയാണ് ത്രിശങ്കുവിലാക്കിയ ആശങ്കകൾക്ക് പരിഹാരമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |