ടെൽ അവീവ്: ഗാസയിൽ വീണ്ടും കനത്ത ആക്രമണവുമായി ഇസ്രയേൽ. വ്യോമാക്രമണത്തിൽ 66 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഒന്നാംഘട്ട വെടിനിർത്തൽ കരാർ അവസാനിച്ചതിന് പിന്നാലെയാണ് ആക്രമണം. ജനുവരി 19ന് വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇസ്രയേൽ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണമാണിത്. വെടിനിർത്തൽ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടിരുന്നു.
വെടിനിർത്തൽ ചർച്ചകൾ സ്തംഭിച്ചതിനാലാണ് ഗാസയിലെ ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം പുനരാരംഭിച്ചതെന്നാണ് ഇസ്രായേൽ സൈന്യം അറിയിച്ചിരിക്കുന്നത്. വടക്കൻ ഗാസ, ഗാസ സിറ്റി, മദ്ധ്യ, തെക്കൻ ഗാസ മുനമ്പിലെ ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റാഫ എന്നിവിടങ്ങളിലുൾപ്പെടെയുണ്ടായ ആക്രമണത്തിൽ 150 ഓളം പേർക്കാണ് പരിക്കേറ്റത്.
ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചതാണ് ആക്രമണത്തിന് ഉത്തരവിടാൻ കാരണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. യുഎസ് പ്രസിഡൻഷ്യൽ ദൂതൻ സ്റ്റീവ് വിറ്റ്കോഫിന്റെയും മറ്റ് മദ്ധ്യസ്ഥരുടെയും നിർദേശങ്ങൾ ഹമാസ് നിരസിച്ചതായും ഇസ്രയേൽ ആരോപിച്ചു. അതേസമയം, ആക്രമണം നടത്തുന്നതിന് മുമ്പ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഇസ്രയേൽ പ്രസിഡന്റ് കൂടിയാലോചിച്ചിരുന്നതായി വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.
എന്നാൽ വെടിനിർത്തൽ കരാർ ലംഘിച്ചതും അട്ടിമറിച്ചതും നെതന്യാഹു ആണെന്ന് ഹമാസ് ആരോപിച്ചു. വെടിനിർത്തൽ ലംഘനം ഗാസയിലെ ഇസ്രയേൽ തടവുകാരെ 'അജ്ഞാതമായ ഒരു വിധിയിലേക്ക് തള്ളിവിടുന്നു' എന്നും ഹമാസ് പ്രസ്‌താവനയിൽ പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ ഇസ്രയേൽ ഗാസയിൽ നിന്ന് പൂർണമായും പിന്മാറണമെന്നാണ് ഹമാസിന്റെ ആവശ്യം. എന്നാൽ ഇസ്രയേൽ ഇതിനോട് അനുകൂലമല്ല. ഒന്നാം ഘട്ടം നീട്ടി പരമാവധി ബന്ദികളെ മോചിപ്പിക്കാനായിരുന്നു ഇസ്രയേൽ ശ്രമിച്ചത്. കരാറിന്റെ ഭാഗമായി 643 പാലസ്തീനിയൻ തടവുകാരെ ഇസ്രയേൽ വിട്ടയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |