ബംഗളൂരു: ടെക്കികളുടെ പ്രിയപ്പെട്ട നഗരമാണ് ബംഗളൂരു. ഐടി രംഗത്ത് തൊഴിലവസരങ്ങളുടെ വലിയൊരു പരവതാനി തന്നെ ബംഗളൂരു നഗരം ഒരുക്കിവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നഗരം ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുകയാണ്. ബംഗളൂരുവിലേക്ക് ജോലി തേടിയെത്തുന്നത് മറ്റുള്ള നഗരങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. കേരളത്തിൽ നിന്നും ഒട്ടേറെ മലയാളികൾ ജോലി തേടി ബംഗളൂരുവിലെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതച്ചെലവ് പലർക്കും താങ്ങാനാവുന്നതിലും അപ്പുറമാണ്.
ഇവിടെ പലരും പേയിംഗ് ഗസ്റ്റ് (പിജി) സൗകര്യങ്ങൾ അല്ലെങ്കിൽ ബജറ്റ് വാടക അപ്പാർട്ടുമെന്റുകൾ പോലുള്ള ചെലവ് കുറഞ്ഞ താമസ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ബംഗളൂരു എന്ന ഐടി നഗരം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കൃത്യമായി പറഞ്ഞാൽ ഐടി മേഖലയിലെ വൻതോതിലുള്ള പിരിച്ചുവിടലുകളും കൃത്രിമബുദ്ധി (എഐ), ഓട്ടോമേഷൻ എന്നിവയുടെ ദ്രുതഗതിയിലുള്ള വളർച്ചയും കാരണം നഗരം ഇപ്പോൾ ഏറ്റവും മോശമായ തൊഴിൽ പ്രതിസന്ധിയിലൂടെ കടക്കുകയാണ്.
ഈ പ്രതിസന്ധി ടെക് പ്രൊഫഷണലുകൾക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നുണ്ട്. ബംഗളൂരുവിന്റെ ഭവന വിപണി, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ, പ്രാദേശിക ബിസിനസുകൾ എന്നിവയ്ക്കടക്കം ഈ പ്രതിസന്ധി ദോഷമായി വ്യാപിക്കുന്നുണ്ട്. വരും ആഴ്ചകളിലും മാസങ്ങളിലും ബംഗളൂരു ഐടി വ്യവസായം വ്യാപകമായ പിരിച്ചുവിടലുകൾക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക.
താങ്ങാനാവുന്ന വിലയും വാടകയുമുള്ള വീടുകളിൽ താമസിക്കുന്ന ഈ തൊഴിലാളികളാണ്, കമ്പനികൾ ചെലവ് ചുരുക്കൽ നടപടികൾ നടപ്പിലാക്കുമ്പോഴോ എഐ അധിഷ്ഠിത ഓട്ടോമേഷനിലേക്ക് മാറുമ്പോഴോ ആദ്യം ജോലി നഷ്ടപ്പെടുന്നത്. ചെലവുകൾ കാര്യക്ഷമമാക്കാൻ ശ്രമിക്കുന്ന വൻകിട ഐടി കമ്പനികൾ, എൻട്രി ലെവൽ പ്രോഗ്രാമർമാരെയും സോഫ്റ്റ്‌വെയർ ടെസ്റ്റർമാരെയും മാറ്റി, കുറഞ്ഞ ചെലവിൽ കൂടുതൽ കാര്യക്ഷമതയോടെ സോഫ്റ്റ്‌വെയർ കോഡ് ചെയ്യാനും ഡീബഗ് ചെയ്യാനും ഒപ്റ്റിമൈസ് ചെയ്യാനും കഴിയുന്ന എഐ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |