പക്ഷാഘാതം, ഹൃദയാഘാതം എന്നിവ തടയുന്നതിനുള്ള വാക്‌സിൻ വികസിപ്പിച്ച് ചൈന. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഈ രോഗങ്ങൾക്ക് കാരണം. ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഈ അവസ്ഥയെ അതിറോസ്ക്ലീറോസിസ് എന്നാണ് അറിയപ്പെടുന്നത്. മരണത്തിലേക്ക് പോലും നയിച്ചേക്കാവുന്ന ഈ അവസ്ഥ വരാതെ തടയുമെന്നാണ് ചൈനയുടെ അവകാശവാദം.
നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഈ വാക്‌സിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. എലികളിലാണ് ഇവ പരീക്ഷണം നടത്തിയത്. ചൈനയിലെ നാൻജിംഗ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരാണ് വാക്‌സിൻ നിർമിച്ചത്. തങ്ങൾ കണ്ടെത്തിയ നാനോ വാക്‌സിനിലൂടെ പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാമെന്നാണ് അവർ അവകാശപ്പെടുന്നത്. പ്രതിരോധ കുത്തിവയ്‌പ്പായാണ് ഇത് എടുക്കേണ്ടത്.
എന്താണ് അതിറോസ്ക്ലീറോസിസ്?
കൊഴുപ്പ് അടിഞ്ഞുകൂടി ധമനിയുടെ ഭിത്തികൾ കട്ടിയാകുന്നതിനെയാണ് അതിറോസ്ക്ലീറോസിസ് എന്ന് പറയുന്നത്. നിരന്തരമായി ഇങ്ങനെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതിനും അമിത രക്തസമ്മർദം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. മുമ്പ് ഇങ്ങനെ ധമനികളിലുണ്ടാകുന്ന തടസങ്ങൾ സ്‌കാനിംഗിലൂടെ കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ ആഞ്ചിയോപ്ലാസ്റ്റി ചെയ്‌ത് ബ്ലോക്കുകൾ മാറ്റി സ്റ്റെന്റുകൾ ഇടുകയാണ് ചെയ്യുന്നത്.
പഠനം
എലികൾക്ക് ഉയർന്ന കൊഴുപ്പുള്ള ഭക്ഷണം കൊടുത്ത് ധമനികളിൽ അതിറോസ്ക്ലീറോസിസ് അവസ്ഥ വരുത്തിയ ശേഷമാണ് ഈ പഠനം നടത്തിയത്. ശേഷം, വാക്‌സിൻ ഇവരുടെ ശരീരത്തിൽ കടത്തിവിട്ടു. ഇതോടെ രക്തപ്രവാഹം തടസപ്പെടുത്തുന്നതിന് കാരണമായ കോശങ്ങളുടെ വികാസം കുറഞ്ഞു എന്നാണ് റിപ്പോർട്ട്. മാത്രമല്ല, ഇത് രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട ഡെൻഡ്രിറ്റിക് കോശങ്ങളെ സജീവമാക്കി എന്നും റിപ്പോർട്ടിലുണ്ട്.
വാക്‌സിൻ ഈ കോശങ്ങളെ ഉത്തേജിപ്പിച്ച് ആന്റിബോഡികളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു. ഇത് ആരോഗ്യം നിലനിർത്തുന്നതിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനും സഹായിക്കുന്നു. ഈ വാക്‌സിൻ മനുഷ്യശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നറിയാൻ ഇനിയും പരീക്ഷണങ്ങൾ നടത്തേണ്ടി വരും. ഇതൊരു വലിയ വെല്ലുവിളിയായാണ് ശാസ്‌ത്രജ്ഞർ കാണുന്നത്.
ചെറുപ്പക്കാരിലെ ഹൃദയാഘാതം
രാജ്യത്ത് 30നും 40നും മദ്ധ്യേ പ്രായമുള്ള യുവാക്കളിൽ ഹൃദയാഘാതം വർദ്ധിച്ചുവരികയാണ്. 2023 ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 40നും 69നും മദ്ധ്യേ പ്രായമുള്ളവരിൽ 45ശതമാനം പേരും മരിക്കുന്നതിന് കാരണം ഹൃദയാഘാതമാണെന്നാണ്.
പലപ്പോഴും അലക്ഷ്യമായ ജീവിതശൈലി, ഉയർന്ന രക്തസമ്മർദം, പൊണ്ണത്തടി, പ്രമേഹം, കൊളസ്‌ട്രോളും ട്രാൻസ്‌ഫാറ്റും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക, വ്യായാമം ഇല്ലാതിരിക്കുക, അമിത മദ്യപാനം, പുകവലി, പാരമ്പര്യം, വായു മലിനീകരണം, ആർസെനിക് ലെഡ് എന്നിവയുമായുള്ള സമ്പർക്കം, പാരിസ്ഥിതിക ഘടകങ്ങൾ തുടങ്ങിയവ ഹൃദയാഘാതത്തിന് കാരണമാകുന്നു.
ഇപ്പോഴത്തെ മിക്ക ഭക്ഷണങ്ങളും അമിതവണ്ണത്തിനും രക്തസമ്മർദം ഉയരാനും കാരണമാകുന്നു. കൂടാതെ, യുവാക്കളിൽ പുകയില, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം കൂടുന്നതും പലവിധ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.
വിഷാദരോഗമുള്ള ചെറുപ്പക്കാർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാദ്ധ്യത ഇരട്ടിയിലധികമാണെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, പ്രമേഹവും ഹൃദയാഘാതവും തമ്മിലും ബന്ധമുണ്ടെന്നാണ് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. പ്രമേഹമുള്ളവർ ഹൃദയാഘാതം വന്ന് മരിക്കാനുള്ള സാദ്ധ്യത രണ്ട് മുതൽ നാല് ശതമാനം വരെ കൂടുതലാണ്. രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ലോകത്തെ തന്നെ ബാധിച്ച കൊവിഡ് മഹാമാരിയും ഹൃദ്‌രോഗങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നു. രാജ്യത്തെ 1.3 ബില്യൺ ജനസംഖ്യയിൽ 70 ശതമാനം പേർക്കും കൊവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ പഠനത്തിൽ കൊവിഡ് വാക്‌സിനും ഹൃദയാഘാതവും തമ്മിൽ ബന്ധമില്ലെന്നായിരുന്നു കണ്ടെത്തിയത്. വാക്സിനേഷൻ എടുക്കാത്തവരെ അപേക്ഷിച്ച് വാക്സിനേഷൻ എടുക്കുന്നവർക്ക് പെട്ടെന്ന് മരണം സംഭവിക്കാനുള്ള സാദ്ധ്യത കുറവാണെന്നും കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |