ആലപ്പുഴ: കളഞ്ഞുകിട്ടിയ എടിഎം കാർഡുപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവിനെതിരെ നടപടിയെടുത്ത് പാർട്ടി. ചെങ്ങന്നൂർ ബ്ളോക്ക് പഞ്ചായത്തിലെ തിരുവൻവണ്ടൂർ ഡിവിഷൻ അംഗമായ സുജന്യ ഗോപിയെയാണ് ബിജെപി പുറത്താക്കിയത്. നേതൃത്വത്തിന്റെ നിർദ്ദേശമനുസരിച്ചാണ് സുജന്യ ഗോപി സ്ഥാനങ്ങൾ രാജിവച്ചത്. ജില്ലയിലെ മഹിളാമോർച്ചാ ഭാരവാഹി കൂടിയായിരുന്നു സുജന്യ.
സംഭവത്തിൽ സുജന്യ ഗോപിയും (42) അവരുടെ സഹായി കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസിൽ സലിഷ് മോനും (46) നേരത്തെ അറസ്റ്റിലായിരുന്നു. ചെങ്ങന്നൂർ സ്വദേശി വിനോദ് എബ്രഹാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മാർച്ച 14നാണ് എടിഎം കാർഡ് ഉൾപ്പെടുന്ന വിനോദിന്റെ പേഴ്സ് നഷ്ടമാകുന്നത്.
കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ഭാര്യയെ ജോലി സ്ഥലത്ത് വിട്ടതിന് ശേഷം തിരികെ വരുന്നതിനിടെ വഴിയിൽ വച്ചാണ് പേഴ്സ് നഷ്ടമായത്. ഓട്ടോ ഡ്രൈവറായ സലിഷ് മോനാണ് വിനോദിന്റെ പേഴ്സ് ലഭിച്ചത്. പിന്നാലെ സലിഷ് പേഴ്സ് ലഭിച്ച വിവരം സുജന്യയെ അറിയിച്ചു. തുടർന്ന് ഇരുവരും മാർച്ച് 15ന് രാവിലെ ആറിനും എട്ടിനും ഇടയിൽ ബുധനൂർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ നിന്ന് 25,000 രൂപ പിൻവലിക്കുകയായിരുന്നു.
എടിഎം കാർഡിനൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിൻ നമ്പർ ഉപയോഗിച്ചാണ് ഇവർ തുക പിൻവലിച്ചത്. പണം പിൻവലിച്ചതിന്റെ സന്ദേശം മൊബൈലിൽ വന്നതോടെയാണ് വിനോദ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്. എടിഎം കാർഡ് പിന്നീട് കല്ലിശ്ശേരി റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |