തിരുവനന്തപുരം: സെക്രട്ടേറിയറ്റ്/ പി.എസ്.സി ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കുള്ള മുഖ്യപരീക്ഷയ്‌ക്ക് രണ്ടു മാസം മാത്രം ശേഷിക്കെ, പ്രാഥമിക പരീക്ഷയ്‌ക്കു ശേഷം പ്രസിദ്ധീകരിക്കേണ്ട അർഹത പട്ടിക പ്രസിദ്ധീകരിക്കാതെ പി.എസ്.സി. മുഖ്യപരീക്ഷ എഴുതാൻ യോഗ്യത നേടിയവർ ആരൊക്കെയെന്നറിയാത്ത അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ.
പ്രാഥമിക പരീക്ഷ എഴുതിയവരെല്ലാം പരിശീലനം തുടരുകയാണ്. എന്നാൽ, മുഖ്യപരീക്ഷ എഴുതാൻ അവസരം കിട്ടുമോ എന്നറിയാതെ നടത്തുന്ന പരിശീലനത്തിനു വേണ്ടത്ര ഗൗരവം ഉണ്ടാകുന്നില്ലെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. മാർക്ക് സമീകരണ നടപടികളാണ് നടക്കുന്നതെന്നാണ് വിവരം. ഈമാസം ആദ്യം ഫലം വരുമെന്നാണ് കരുതിയിരുന്നത്.മേയ് 21 നാണ് മുഖ്യപരീക്ഷ. ഒന്നരമണിക്കൂറിൽ 100 ചോദ്യങ്ങൾക്കാണ് ഉത്തരമെഴുതേണ്ടത്. മേയ് ഏഴു മുതൽ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാക്കുമെന്നാണ് പരീക്ഷാകലണ്ടറിലുള്ളത്.
2023 ഡിസംബറിലായിരുന്നു തസ്തികയിലേക്കുള്ള വിജ്ഞാപനം വന്നത്. സെക്രട്ടേറിയറ്റ്, പി.എസ്.സി എന്നിവയ്ക്ക് പുറമേ സംസ്ഥാന ഓഡിറ്റ് വകുപ്പ്, നിയമസഭാ സെക്ര ട്ടേറിയറ്റ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിലെ ലാസ്റ്റ്‌ഗ്രേഡ് സർവെന്റ്സ് തസ്തികയിലും ഈ റാങ്ക്പട്ടികയിൽ നിന്നാണ് നിയമനം. പത്താംതലം തസ്തികകളുടെ ഭാഗമായി നടത്തിയ പൊതുപ്രാഥമിക പരീക്ഷയിലാണ് ഈ തസ്‌തികയും ഉൾപ്പെടുത്തിയത്. കഴിഞ്ഞ ഡിസംബറിൽ തുടങ്ങി ഫെബ്രുവരി എട്ട് വരെ നാല് ഘട്ടങ്ങളായാണ് പ്രാഥമിക പരീക്ഷ പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |