ന്യൂഡൽഹി: പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ അനുവദിച്ച പാലങ്ങളിൽ 73.3% ഉം അനുവദിച്ച റോഡുകളിൽ 19% ഉം പൂർത്തിയായിട്ടില്ലെന്ന് ലോക്സഭയിൽ കെ. സുധാകരൻ എംപിക്ക് കേന്ദ്ര ഗ്രാമീണ വികസന സഹമന്ത്രി കമലേഷ് പസ്വാൻ മറുപടി നല്കി. ഇതു മറച്ചുവച്ച് സംസ്ഥാന സർക്കാർ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്.
കേരളത്തിൽ പ്രധാൻമന്ത്രി ഗ്രാമീൺ സഡക് യോജന പ്രകാരം 5,312.32 കിലോമീറ്റർ ദൈർഘ്യമുള്ള 1,807 റോഡുകളും 15 പാലങ്ങളും അനുവദിച്ചു. ഇതിൽ 4,304.11 കിലോമീറ്റർ ദൈർഘ്യമുള്ള 1,575 റോഡുകളും 4 പാലങ്ങളും മാത്രമേ പൂർത്തിയായിട്ടുള്ളൂ. 969.45 കിലോമീറ്റർ ദൈർഘ്യമുള്ള 232 റോഡുകളും 11 പാലങ്ങളും ഇപ്പോഴും നിർമ്മാണത്തിലാണ്.
പണികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവകാശവാദങ്ങൾ ഉന്നയിക്കുകയും പരസ്പരം പഴിചാരുകയാണ്. ഗ്രാമീണ റോഡ് സംസ്ഥാന വിഷയമാണെന്നും പ്രധാൻമന്ത്രി ഗ്രാമീൺ സഡക് യോജന എന്നത് കേന്ദ്രസർക്കാരിന്റെ ഒറ്റത്തവണ പ്രത്യേക ഇടപെടൽ മാത്രമാണെന്നുമാണ് കേന്ദ്ര സർക്കാരിന്റെ വാദം. പണി പൂർത്തിയാക്കാൻ നൽകിയിരിക്കുന്ന സമയപരിധി 2025 മാർച്ച് 31 ആണ്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഇവ എങ്ങനെ പൂർത്തിയാക്കുമെന്നു സുധാകരൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |