ന്യൂഡൽഹി: ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനെ ഇന്ന് ഇ.ഡി ചോദ്യം ചെയ്യും. ലാലു പ്രസാദിന്റെ ഭാര്യ റാബ്റി ദേവി, മകൻ തേജ് പ്രതാപ് യാദവ് എന്നിവരെ ഇന്നലെ ചോദ്യം ചെയ്തു. പാട്നയിലെ ഇ.ഡി ഓഫിസിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ സംബന്ധിച്ച് കഴിഞ്ഞ ദിവസം ലാലു പ്രസാദിനും കുടുംബാംഗങ്ങൾക്കും ഇ.ഡി
സമൻസ് അയച്ചിരുന്നു. അതേസമയം, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തങ്ങളെ ബോധപൂർവം ബുദ്ധിമുട്ടിക്കുകയാണെന്നു റാബ്രി ദേവി പ്രതികരിച്ചു.തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം കേസുകൾ കുത്തിപ്പൊക്കുക പതിവാണെന്നും നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും റാബ്‌റി ദേവി പ്രതികരിച്ചു.
കഴിഞ്ഞ വർഷം, ലാലു പ്രസാദിന്റെ കുടുംബാംഗങ്ങൾക്കെതിരായ കേസിൽ ഇ.ഡി ഡൽഹി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അദ്ദേഹത്തിന്റെ ഭാര്യ റാബ്റി ദേവി, പെൺമക്കൾ മിസ ഭാരതി, ഹേമ യാദവ് എന്നിവരെ ഉൾപ്പെടെ പ്രതിചേർത്തു.
2004- 2009ൽ ലാലുപ്രസാദ് റെയിൽവേ മന്ത്രിയായിരിക്കേ റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഭൂമി എഴുതിവാങ്ങിയെന്നാണ് ആരോപണം. 2023ൽ കേസുമായി ബന്ധപ്പെട്ട് തേജസ്വി യാദവിന്റെ ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ വസതിയിലടക്കം 24 ഇടങ്ങളിൽ ഇ.ഡി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |