ന്യൂഡൽഹി: പ്രയാഗ്രാജിൽ നടന്ന മഹാകുംഭമേള ഇന്ത്യക്കാരിൽ അന്തർലീനമായ ഐക്യത്തെ ഉണർത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ പരിശ്രമമാണ് കുംഭമേളയുടെ വിജയത്തിന് കാരണം.
രാജ്യത്തിന് ഉണർവേകിയ മഹാ സംഭവമാണ് മഹാകുംഭമേള. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മഹത്വം പ്രകടമായി. രാജ്യത്തിന്റെ കഴിവുകളെ സംശയിച്ചവർക്കുള്ള ഉത്തരമാണ് നൽകിയത്. രാഷ്ട്ര ചരിത്രത്തിലെ നിർണായക നിമിഷങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകും. സ്വാതന്ത്ര്യ സമരത്തിലെ പ്രധാന നിമിഷങ്ങൾ പോലെ രാജ്യത്തെ ഉണർത്തുകയും പുതിയ ദിശാബോധം നൽകുകയും ചെയ്ത നാഴികക്കല്ലായി ഇതുമാറും. കഴിഞ്ഞ വർഷം അയോദ്ധ്യയിൽ നടന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങും ഈ വർഷത്തെ മഹാകുംഭമേളയും അടുത്ത സഹസ്രാബ്ദത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയെ ശക്തിപ്പെടുത്തുന്നു മോദി പറഞ്ഞു.
ഇന്ത്യയുടെ പാരമ്പര്യം, സംസ്‌കാരം, മൂല്യങ്ങൾ എന്നിവ ആഘോഷിക്കാനും സംരക്ഷിക്കാനുമുള്ള താത്പര്യമാണ് കുംഭമേളയിൽ കണ്ടത്. ഇത് ജനങ്ങൾക്കിടയിൽ ഐക്യം വളർത്തുകയും ദേശീയ ലക്ഷ്യങ്ങൾക്കായുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യും. വിവേചനം ഒരിടത്തും കണ്ടില്ല. നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ മുഖമുദ്രയാണെന്ന് കുംഭമേള തെളിയിച്ചു. കുംഭ മേളയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നദീ ഉത്സവങ്ങളെ പ്രോത്സാഹിപ്പിച്ചാൽ ജലത്തിന്റെ പ്രാധാന്യം മനസിലാക്കാനും നദികളുടെ സംരക്ഷണം ഉറപ്പാക്കാനും സഹായിക്കുമെന്നും മോദി വ്യക്തമാക്കി.
സംസാരിക്കാൻ അനുവദിച്ചില്ല,
പ്രതിപക്ഷ ബഹളം
പ്രധാനമന്ത്രിക്ക് മാത്രം സംസാരിക്കാൻ അവസരം നൽകിയത് ചട്ടം ലംഘിച്ചാണെന്ന് കാട്ടി കോൺഗ്രസ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ലോക്സഭയെ പ്രക്ഷുബ്ധമാക്കി. കുംഭമേളയ്ക്കിടെ 30 പേർ മരിച്ച ദുരന്തം പരാമർശിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. ഉച്ചയ്ക്ക് 12ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുണ്ടായ ബഹളത്തിൽ സഭ ഒരു മണി വരെ നിറുത്തിയിരുന്നു. പിന്നീട് സമ്മേളിച്ചപ്പോഴും ബഹളം തുടർന്നതോടെ സഭ നേരത്തെ പിരിഞ്ഞു.
ചട്ടം 372 പ്രകാരം പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും ചോദ്യങ്ങൾ നേരിടാതെ പ്രസ്താവന നടത്താനുള്ള അധികാരം ചൂണ്ടിക്കാട്ടിയ സ്പീക്കർ ഓം ബിർളയുടെ വിശദീകരണം തള്ളി പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചത് ശരിയായില്ലെന്ന് പ്രിയങ്കാ ഗാന്ധി എംപി ചൂണ്ടിക്കാട്ടി. റെയിൽവേ മന്ത്രാലയത്തിനുള്ള ധനാഭ്യർത്ഥന ചർച്ചയ്ക്ക് മന്ത്രി അശ്വനി വൈഷ്ണവിന്റെ മറുപടി ബഹളത്തിൽ മുങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |