കൊല്ലം: ട്രാവൻകൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രശസ്ത പീഡിയാട്രിക് സർജൻ ഡോ. നെല്ലൈ കൃഷ്ണന്റെ നേതൃത്വത്തിൽ നൂതന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ട്രിപ്പിൾ ഹെർണിയ (വലത്, ഇടത് വശങ്ങളിലെ ഇൻഗ്വിനൽ ഹെർണിയ, ഒപ്പം പൊക്കിൾ ഹെർണിയ) സ്ഥിരീകരിച്ച ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞിന് സിംഗിൾ പോർട്ട് കീഹോൾ ശസ്ത്രക്രിയ നടത്തി രക്ഷപ്പെടുത്തിയാണ് ആശുപത്രി നേട്ടം കൈവരിച്ചത്.
പൊക്കിളിൽ ഘടിപ്പിച്ച പോർട്ടിലൂടെ ടെലസ്കോപ് കയറ്റിവിട്ട് നടത്തിയ ശസ്ത്രക്രിയ, ശിശുരോഗ ശസ്ത്രക്രിയയിൽ ശ്രദ്ധേയമായ നേട്ടമാണ്. ഒരു മണിക്കൂർ നീണ്ടുനിന്നു. കുഞ്ഞിന്റെ അടിവയറ്റിൽ പാടുകളൊന്നും ദൃശ്യമാകില്ല. കീഹോൾ ശസ്ത്രക്രിയ ഹെർണിയകളെ വിജയകരമായി ചികിത്സിക്കുക മാത്രമല്ല, വലത് ഇൻഗ്വിനൽ വശത്തെ ഹെർണിയയ്ക്ക് ഒരേസമയം രോഗനിർണയവും ചികിത്സയും ലഭ്യമാക്കാൻ സാധിച്ചു എന്നതും കേസിന്റെ അപൂർവവും വെല്ലുവിളി നിറഞ്ഞതുമായ ഒരു വശമാണ്. പീഡിയാട്രിക് സർജൻ ഡോ.നെല്ലൈ കൃഷ്ണന് പുറമെ ഡോ. ബിജുവിന്റെ നേതൃത്വത്തിലുള്ള അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ. തൻസീന, ഡോ. സുദിന, ഡോ. ഫിറോസ് എന്നിവരുടെയും സഹകരണമുണ്ടായി. ഐ.സി.യുവിലെ ശസ്ത്രക്രിയാനന്തര നിരീക്ഷണം പീഡിയാട്രിക് ഇന്റൻസിവിസ്റ്റ് ഡോ.നജുമലിന്റെ നേതൃത്വത്തിൽ നടന്നു. ശസ്ത്രക്രിയ കഴിഞ്ഞ് 3 മണിക്കൂറിന് ശേഷം കുഞ്ഞിന് ഓറൽ ഫീഡുകൾ നൽകി. അടുത്ത ദിവസം ഡിസ്ചാർജ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |