പാലക്കാട്: ഒരു കൊല്ലത്തിനിടെ ഉത്പാദിപ്പിച്ചത് 600 ടണ്‍ പച്ചക്കറി. നല്‍കിയത് വി.എഫ്.പി.സി.കെയുടെ എലവഞ്ചേരി സ്വാശ്രയ കര്‍ഷകസമിതിക്ക്. ലഭിച്ച വരുമാനം 1.15 കോടി. 'കര്‍ഷക കോടിപതി'യായി എലവഞ്ചേരി പനങ്ങാട്ടിരി സ്വദേശി ശിവദാസന്‍. പത്താംക്ലാസ് പഠനശേഷം തൂമ്പയെടുത്ത് മണ്ണിലിറങ്ങി കഠിനാദ്ധ്വാനം നടത്തിയതിന്റെ ഫലം.
വി.എഫ്.പി.സി.കെയുടെ 24 വര്‍ഷത്തെ ചരിത്രത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഒരു കര്‍ഷകന് ഉത്പന്നവിലയായി ഇത്രയുംവലിയ തുക ഒരു സാമ്പത്തികവര്‍ഷം കൈമാറുന്നത്. സ്വന്തമായുള്ള എട്ടേക്കറിലും പാട്ടത്തിനെടുത്ത 10 ഏക്കറിലുമാണ് ശിവദാസന്റെ കൃഷി. 12 ഏക്കറില്‍ പാവയ്ക്ക, അഞ്ചേക്കറില്‍ പടവലം, ഒരേക്കറില്‍ പയര്‍, ഇടവിളയായി പീച്ചിങ്ങ, വെണ്ട, കുമ്പളം, മത്തന്‍.
ഹൈബ്രിഡ് വിത്തുകള്‍ക്കാണ് കൃഷിയില്‍ പ്രധാന പരിഗണന. നാടന്‍ ഇനങ്ങളില്‍ മികച്ച വിളവുള്ളത് തിരഞ്ഞെടുക്കും. ഒരു കിലോ സങ്കരയിനം പാവല്‍ വിത്തിന് 2,500 രൂപ. ഹൈബ്രിഡിന് 16,000 രൂപ. പടവലത്തിനും അങ്ങനെതന്നെ. പ്രീതി എന്ന ഇനം പാവയ്ക്കക്ക് കിട്ടുന്ന വില കിലോയ്ക്ക് ശരാശരി 40 രൂപ. മായ എന്ന ഇനത്തിന് 30-32 രൂപ. പടവലത്തിന്റെ വില മിക്കപ്പോഴും കിലോയ്ക്ക് 15-20 രൂപ.
രണ്ട് സീസണ്‍ കൃഷി, ചെലവ് മൂന്നു ലക്ഷം
രണ്ട് സീസണുകളായാണ് കൃഷി. ഏപ്രില്‍ ആദ്യം പാവലും പടവലവും അവസാനം പറയും വിത്തിറക്കും. സെപ്തംബറില്‍ രണ്ടാം സീസണില്‍ പടവലവും പയറും. കോണ്‍ക്രീറ്റ് കാലുകളില്‍ ജി.ഐ കമ്പി വലിച്ചു തയ്യാറാക്കിയ സ്ഥിരം പന്തലിലാണ് കൃഷി. ആദ്യ സീസണില്‍ ഏക്കറിന് ശരാശരി 2.5 ലക്ഷം രൂപ ചെലവാകും. രണ്ടാം സീസണില്‍ അതേ തടത്തില്‍ത്തന്നെ കൃഷി ചെയ്യുന്നതിനാല്‍ ചെലവ് കുറയും. രണ്ട് സീസണിലുമായി ശരാശരി ചെലവ് മൂന്നു ലക്ഷം രൂപ.
കൃഷി, വരുമാനം (വിള, ഉത്പാദനം (കിലോയില്‍), ലഭിച്ച തുക ക്രമത്തില്‍)
പാവയ്ക്ക...............................218237, 7698836
പടവലം..............................87887, 1479282
പയര്‍.................................13270, 529339
കുമ്പളം.............................9903, 118716
മത്തന്‍..............................13011, 148060
പീച്ചിങ്ങ.............................2432, 67218
വെണ്ടയ്ക്ക............................5, 125
തേങ്ങ................................835, 23885
(ഡിസംബര്‍ വരെയുള്ള കണക്ക്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |