ആലപ്പുഴ : ഓട്ടോറിക്ഷ യാത്രകൾ കൂലിത്തർക്കത്തിൽ അവസാനിക്കുന്നതിന് തടയിടാൻ പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. ഓട്ടോറിക്ഷകളിൽ 'മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യയാത്ര' എന്ന സ്റ്റിക്കർ പതിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചതിനെ തുടർന്നാണ് കൃത്യമായ കൂലി വിശദീകരിക്കുന്ന വീഡിയോ പ്രചരണവും ഫെയർ ചാർട്ട് പതിക്കലുമായി വകുപ്പ് രംഗത്തെത്തുന്നത്.
സ്റ്റിക്കർ പതിപ്പിക്കാനുള്ള സർക്കുലർ സർക്കാർ പിൻവലിച്ചതിന് പിന്നാലെ പല ഓട്ടോറിക്ഷകളും മീറ്റർ പ്രവർത്തിപ്പിക്കുന്നത് അവസാനിപ്പിച്ചെന്ന പരാതി യാത്രക്കാർ ഉന്നയിക്കുന്നുണ്ട്. എല്ലാ ഡ്രൈവർമാരും മീറ്റർ പ്രവർത്തിപ്പിക്കുന്നെന്ന് ഉറപ്പാക്കാനുള്ള സംവിധാനമാണ് ആദ്യം നടപ്പാക്കേണ്ടതെന്ന് യാത്രക്കാർ പറയുന്നു.
ഓട്ടോകളിൽ കൂലിനിരക്ക് പതിക്കും
മിനിമം കൂലി - 30 രൂപ (സഞ്ചരിക്കാവുന്ന ദൂരം - 1.5 കിലോ മീറ്റർ). 1.5 കിലോമീറ്ററിന് ശേഷം ഓടുന്ന ഓരോ കിലോമീറ്ററിനും 15 രൂപ
ഒരുവശത്തേക്ക് മാത്രം യാത്ര ചെയ്താൽ മീറ്റർ കൂലിയോടൊപ്പം മിനിമം കൂലി കുറച്ചുള്ള തുകയുടെ 50 ശതമാനം അധികമായി നൽകണം
രാത്രി 10 മുതൽ പുലർച്ചെ 5 മണി വരെ മീറ്ററനുസരിച്ചുള്ള കൂലിയുടെ 50 ശതമാനം അധികമായി നൽകണം
വെയിറ്റിംഗ് ചാർജ്ജ്
ഓരോ 15 മിനിട്ടിനും 10 രൂപ
ഒരുദിവസം പരമാവധി 250 രൂപ
റോട്ടറി ക്ലബ്ബുകളുടെ സഹായത്തോടെ ഓട്ടോറിക്ഷകളിൽ ഫെയർ ചാർട്ട് പതിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. മീറ്റർ പ്രവർത്തിപ്പിക്കാതെ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടിയുണ്ടാകും
- മോട്ടോർ വാഹനവകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |