കൊല്ലം: ഓച്ചിറയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ. മേമന സ്വദേശികളായ മനീഷ്, അഖിൽ കുമാർ എന്നിവരാണ് പിടിയിലായത്. സംഭത്തിൽ മനീഷാണ് മുഖ്യപ്രതിയെന്നും അഖിൽ കുമാർ കൂട്ടാളിയാണെന്നും എക്‌സൈസ് വ്യക്തമാക്കി. 38 കഞ്ചാവ് ചെടിയും 10.5 കിലോ കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്.
എംഡിഎംഎ കേസിൽ പ്രതിയാണ് മനീഷ്. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയപ്പോഴാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. പരിശോധനയ്ക്ക് എത്തിയപ്പോൾ വിദേശ ഇനത്തിൽപ്പെട്ട നായയെ തുറന്നുവിട്ടെന്നും എക്‌സൈസ് അറിയിച്ചു. ജില്ലയിലെ ആദ്യത്തെ സംഭവമാണിതെന്നും ഇത്രയും വലിയ കഞ്ചാവ് കൃഷി ആദ്യമായാണ് കണ്ടെത്തുന്നതെന്നും എക്‌സൈസ് എൻഫോഴ്‌സെമന്റ് സ്‌ക്വാഡ് ഇൻസ്‌പെക്ടർ സിപി ദിലീപ് പറഞ്ഞു. വീട്ടുമുറ്റത്താണ് വൻതോതിൽ കഞ്ചാവ് നട്ടുവളർത്തിയത്. ഉദ്യോഗസ്ഥരായ ഞങ്ങൾക്ക് പോലും ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'40 സെന്റിമീറ്ററോളം വലുപ്പം വന്ന രീതിയിൽ ചെടികൾ വളർന്നിട്ടുണ്ടായിരുന്നു. ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് മനീഷ് എന്നയാളെ പിടികൂടിയത്. വിദേശ ഇനത്തിലുള്ള റോട്ട് വീലർ, ജർമ്മൻ ഷെപ്പേഡ് തുടങ്ങിയ നായ്ക്കളെ തുറന്നുവിട്ട് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചു. ഇത്തവണ വളരെ സാഹസികമായാണ് അയാളെ പിടികൂടാൻ സാധിച്ചത്. അയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഖിൽ കുമാർ എന്നയാളുടെ വീട്ടിൽ നിന്ന് കഞ്ചാവ് തോട്ടവും 10.5 കിലോ കഞ്ചാവും കണ്ടെടുത്തത്'- സിപി ദിലീപ് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |