ബിസിനസ് രംഗത്തെ അടിത്തറ കൂടുതൽ ശക്തമാക്കാൻ ദിനംപ്രതി നിരവധി മാറ്റങ്ങൾ അവതരിപ്പിക്കുന്ന ശതകോടീശ്വരനായ വ്യവസായിയാണ് മുകേഷ് അംബാനി. അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യമായ റിലയൻസ് ഇൻഡസ്ട്രീസ് രാജ്യത്തിന് അകത്തും പുറത്തും നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (ആർസിപിഎൽ) പ്രീമിയം ജ്യൂസ് ബ്രാൻഡായ സൺ ക്രഷിന്റെ ഇന്ത്യയിലെ വിതരണ അവകാശം ഏറ്റെടുത്തതായാണ് റിപ്പോർട്ടുകൾ.
മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ കമ്പനിയായ സിലോൺ ബിവറേജ് ഇന്റർനാഷണലിൽ നിന്ന് ആർസിപിഎൽ ഇന്ത്യയിലെ വിപണിയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്. അതുപോലെ പല വിദേശ ഉൽപ്പന്നങ്ങളുടെ ഇന്ത്യയുടെ ഓഹരിക്കായും റിലയൻസ് മത്സരിക്കുകയാണ്. ഐടിസിയിൽ നിന്നുളള ബി നാച്വറൽ,അമുൽ ട്രൂ, പെപ്‌സിക്കോയിൽ നിന്നുളള പേപ്പർബോട്ട്, ട്രോപ്പിക്കാന എന്നിവയുടെ ഓഹരികൾക്കായി റിലയൻസ് മത്സരിക്കുന്നുണ്ട്. 200 മില്ലിലിറ്റർ സൺ ക്രഷിന് 20 രൂപ ഈടാക്കാനാണ് റിലയൻസ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. ഇത് മറ്റുളള പ്രീമിയം ജ്യൂസ് ബ്രാൻഡുകളുടെ ഇന്ത്യൻ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയും ഉണ്ട്.
കൊക്കക്കോള സൗത്ത് ഈസ്റ്റ് യൂറോപ്പിന്റെ മുൻ മാനേജിംഗ് ഡയറക്ടർ വികാസ് ചൗളയിൽ നിന്ന് രണ്ട് വർഷം മുൻപ് പ്രമുഖ ഡ്രിങ്കായ റാസ്‌കിക്കിന്റെ വിതരണ അവകാശം ഏറ്റെടുത്തുക്കൊണ്ടാണ് റിലയൻസ് ജ്യൂസ് വിപണിയിലേക്ക് റിലയൻസ് പ്രവേശിച്ചത്. 2030 ആകുമ്പോഴേയ്ക്കും ഇന്ത്യൻ പാനീയ വിപണി 1.47 ട്രില്യൺ രൂപയിലെത്തുമെന്നാണ് റിലയൻസിന്റെ പ്രതീക്ഷിക്കുന്നത്. ഇതിൽ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ, ജ്യൂസുകൾ, കുപ്പിവെളളം എന്നിവയും ഉൾപ്പെടുന്നു. മാർച്ച് 18ലെ കണക്കനുസരിച്ച് റിലയൻസിന് 16.76 ലക്ഷം കോടിയുടെ വിപണി മൂലധനമുണ്ട്. ഫോർബ്സ് പട്ടികയനുസരിച്ച് മുകേഷ് അംബാനിയുടെ ആസ്തി 91.8 ബില്യൺ ഡോളറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |